ചെന്നൈ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണത്തിലൂടെ പ്രതിവർഷം 25 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം ഉരുക്കി കട്ടിയാക്കി ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെയാണ് ഇത്രയും തുക വരുമാനമായി പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ പദ്ധതിയിലൂടെ പ്രതിവർഷം ആറു കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. ദേവസ്വംമന്ത്രി പി.കെ. ശേഖർബാബു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം 2021-ലാണ് ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം ഉരുക്കി കട്ടിയാക്കി ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്ന പദ്ധതി പുനരാരംഭിച്ചത്. 38,000 ക്ഷേത്രങ്ങളിലായുള്ള 2137 കിലോ സ്വർണം മുംബൈയിലെ ഗവൺമെന്റ് മിന്റിൽ കൊണ്ടുപോയി ഉരുക്കി ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ സ്വർണത്തിന് 1000 കോടി രൂപയിലേറെ വില മതിക്കും. ദീർഘകാല സ്വർണനിക്ഷപത്തിന് 2.5 ശതമാനംവരെ പലിശയുണ്ട്. ഇങ്ങനെ കിട്ടുന്ന പണം ക്ഷേത്രങ്ങളുടെ നവീകരണത്തിനുവേണ്ടിയാണ് ഉപയോഗിക്കുക.
ഭക്തർ വഴിപാടായി നൽകിയതും പത്തുവർഷമെങ്കിലുമായി ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്വർണമാണ് ഉരുക്കി സ്വർണക്കട്ടികളാക്കി ബാങ്കിൽ നിക്ഷേപിക്കുന്നത്. വിഗ്രഹങ്ങളിൽ അണിയിക്കുന്ന സ്വർണം എടുക്കില്ല. സുപ്രീംകോടതിയിൽനിന്നും ഹൈക്കോടതിയിൽനിന്നും വിരമിച്ച ജഡ്ജിമാരടങ്ങുന്ന മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 1977-ലാണ് തമിഴ്നാട് ഈ പദ്ധതി ആദ്യമായി കൊണ്ടുവന്നത്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം സ്റ്റാലിൻ സർക്കാർ പദ്ധതി പുനരുജ്ജീവിപ്പിച്ചപ്പോൾ ചില സംഘടനകൾ എതിർപ്പുയർത്തുകയും കോടതിയിൽ പോവുകയും ചെയ്തിരുന്നു. എങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി.
Post Your Comments