തിരുവനന്തപുരം: ചർച്ചകൾക്കൊടുവിൽ തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം. പൂരം പ്രദര്‍ശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റേതാണ് തീരുമാനം. പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി. തറവാടക കൂട്ടേണ്ടതില്ല എന്ന തീരുമാനത്തിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചു.
തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി രാഷ്ട്രീയ പോരിലേക്ക് മാറിയതോടെയാണ് യോഗം വിളിച്ചത്. കൊച്ചിന്‍, തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പൂരത്തിനായി കഴിഞ്ഞ വര്‍ഷം 39 ലക്ഷം ഈടാക്കിയിരുന്ന തറവാടക ഇക്കൊല്ലം 2.20 കോടിയായ് വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കിയാണ് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയത്. ചൊവ്വാഴ്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പകല്‍പ്പൂരം ഒരുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധി അവതരിപ്പിക്കാന്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ നീക്കം നടത്തുന്നുണ്ട്. മിനി പൂരമൊരുക്കാനുള്ള നീക്കം സുരക്ഷയെ തട്ടി തീരുമാനമാകാതെ നില്‍ക്കുകയാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാന്‍ ഇടയില്ല.
Post Your Comments