അബുദാബി: വേഗ നിയന്ത്രണ സംവിധാനം (ക്രൂസ് കൺട്രോൾ) തകരാറിലായ കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി രക്ഷിച്ച് അബുദാബി പോലീസ്. പൊലീസ് പട്രോൾ വാഹനത്തിലിടിപ്പിച്ച് കാറും വേഗനിയന്ത്രണ സംവിധാനവും തമ്മിലുള്ള ബന്ധം വിച്ഛേദിപ്പിച്ചാണ് ഡ്രൈവറെ രക്ഷാപ്പെടുത്തിയത്. ക്രൂസ് കൺട്രോളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സെറ്റ് ചെയ്തു വച്ച് അബുദാബിയിൽ നിന്നു മോട്ടോർ വേയിലൂടെ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. എന്നാൽ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ വച്ച് വേഗനിയന്ത്രണ സംവിധാനം തകരാറിലായി.
അപകടം മുന്നിൽ കണ്ട ഇയാൾ ഉടൻ തന്നെ പോലീസിന്റെ സഹായം തേടി. സീറ്റ് ബെൽറ്റ് ധരിക്കാനും തങ്ങൾ വരുന്നത് വരെ ഹസാഡ് ലൈറ്റ് ഇടാനും പോലീസ് നിർദേശിച്ചു. അതിവേഗത്തിലോടിയ കാറിന് മുന്നിലേക്ക് പൊലീസ് പട്രോളിങ് വാഹനം പാഞ്ഞടുക്കുകയും അതിലേക്ക് ഇടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ വേഗം കുറഞ്ഞ കാറിൽ നിന്ന് ക്രൂസ് കൺട്രോൾ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനങ്ങൾക്കോ യാത്രക്കാർക്കോ പ്രയാസമുണ്ടാക്കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കങ്ങൾ.
Post Your Comments