Latest NewsKerala

കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത്‌ കടുത്ത വെല്ലുവിളി-തെരഞ്ഞെടുപ്പ് പരാജയത്തില്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം• തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

കേരളത്തില്‍ നിന്നും ബി.ജെ.പിയ്‌ക്ക്‌ ഒരു സീറ്റും കിട്ടിയില്ല എന്നത്‌ ആശ്വാസകരമാണെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത്‌ കടുത്ത വെല്ലുവിളിയാണ്‌. രാജ്യത്തിന്റെ സാമൂഹ്യഘടനയിലും സാമ്പത്തിക നയങ്ങളിലും വന്‍ പ്രത്യാഘാതമാണ്‌ സൃഷ്ടിക്കാന്‍ പോകുന്നത്‌. മതേതര മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും വലിയ അതിക്രമം നേരിടേണ്ടിവരും.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തിയേ മതിയാകൂ. ഇതിന്‌ എല്‍.ഡി.എഫ്‌ പ്രതിജ്ഞാബദ്ധമാണ്‌. യു.ഡി.എഫ്‌ ഭൂരിപക്ഷം നേടിയെങ്കിലും 75 ലക്ഷത്തില്‍പ്പരം വോട്ടര്‍മാര്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു. എല്‍.ഡി.എഫിന്‌ വോട്ട്‌ ചെയ്‌ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാട്‌ ജനങ്ങളില്‍ എത്തിക്കുന്നതിന്‌ അക്ഷീണം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോട്‌ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഇടതുപക്ഷത്തിന്‌ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ നഷ്ടമായതും ഞങ്ങള്‍ തിരിച്ചറിയുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ രാഷ്ട്രീയ ശത്രുക്കള്‍ താല്‍ക്കാലികമായി വിജയിച്ചിട്ടുണ്ട്‌. ഇതെല്ലാം സൂക്ഷ്‌മമായി വിലയിരുത്തി മുന്നോട്ടുപോകും. അകന്നുപോയ ജനവിഭാഗങ്ങളെ തിരികെ കൂട്ടിയോജിപ്പിച്ച്‌ എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കുന്നതിന്‌ ശക്തമായ നടപടികളുണ്ടാകും. ജനകീയ പ്രശ്‌നങ്ങളിലെ എല്‍.ഡി.എഫിന്റെയും സര്‍ക്കാരിന്റെയും ആത്മാര്‍ത്ഥമായ സമീപനം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button