കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റിന്റെ തീരുമാനം. വിദേശികളായ 4,000 എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരം നല്‍കാതെ കുവൈറ്റ് മന്ത്രാലയം തിരിച്ചയച്ചിരിക്കുന്നത്. താമസാനുമതി രേഖ(ഇഖാമ) പുതുക്കുന്നതിനു വിദേശി എന്‍ജീനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ അംഗീകാരം നേടണമെന്നാണു നിയമം. ഇതിനായി സമര്‍പ്പിച്ച 34,000 സര്‍ട്ടിഫിക്കറ്റുകളില്‍ നിശ്ചിത മാനദണ്ഡം പാലിക്കാത്തവയാണു മടക്കിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണ് അംഗീകാരം നിഷേധിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളിലേറെയും. ഓരോ രാജ്യത്തും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റേഷന്‍ അതോറിറ്റിയുടെ അനുമതിയുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമേ സൊസൈറ്റി അംഗീകരിക്കൂ.
ഇന്ത്യയില്‍ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍(എന്‍ബിഎ) ആണ് അംഗീകരിക്കപ്പെട്ട സംവിധാനം. സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കുന്ന പഠന കാലത്ത് എന്‍ബിഎയില്‍ അക്രഡിറ്റേഷന്‍ സമ്പാദിച്ച എന്‍ജിനീയറിങ് കോളജും കോഴ്‌സും മാത്രമാണു കുവൈറ്റ്് അംഗീകരിക്കുക. ഇന്ത്യയിലെ പല കോളജുകളും എന്‍ബിഎ അക്രഡിറ്റേഷന്‍ ഉള്ളവ അല്ല എന്നതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ കുവൈറ്റില്‍ എത്തി ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ പലര്‍ക്കും എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കാത്ത അവസ്ഥയുണ്ട്. നിരസിക്കപ്പെട്ട 4000 സര്‍ട്ടിഫിക്കറ്റുകളില്‍ ഒട്ടേറെ മലയാളികളും ഉള്‍പ്പെടുമെന്നാണു സൂചന.
Post Your Comments