KeralaLatest News

ലൈസന്‍സിന് ഇനി എട്ടും എച്ചും പോര; പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ലൈസന്‍സിന് ഇനി എട്ടും എച്ചും പോര. വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാരണയും നിരീക്ഷണ പാടവവും ഉള്‍പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്‍സ് നല്‍കുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടര്‍ വാഹനവകുപ്പിന്റെ നീക്കം. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്.

ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും.

ഇതിനൊപ്പം നിരവധി പരിഷ്‌കാരങ്ങളും നടപ്പിലാക്കുന്നുണ്ട്. കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കാനാണ് നീക്കം. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയും മാറ്റും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്‍കും. വാഹനം നിര്‍ത്തുന്നതിനു മുമ്പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടര്‍ന്നു ക്ലച്ചും അമര്‍ത്തുന്ന രീതിയാണിത്. ഇതാണ് വാഹനത്തിന്റെ ആയുസ്സിനും കാര്യക്ഷമതയ്ക്കും നല്ലതെന്നതാണു വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രീതി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കു മുന്നോടിയായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും 5 ദിവസം വീതം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കാനാണ് തീരുമാനം. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് കടും നീല നിറത്തിലുള്ള ഓവര്‍കോട്ടും ബാഡ്ജും നല്‍കും. പിന്നീട് ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോള്‍ ഈ ഓവര്‍ക്കോട്ടും ബാഡ്ജും ധരിക്കാനാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button