തിരുവനന്തപുരം: വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ‘പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ്’ എന്ന പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. നമ്പർ പ്ലേറ്റിന്റെ ഫോട്ടോയും, വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ഇനി മുതൽ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ പരിശോധന നടത്താൻ കഴിയുകയുള്ളൂ. വാഹന പുക പരിശോധന കേന്ദ്രം രജിസ്റ്റർ ചെയ്തതിന്റെ 50 മീറ്റർ ചുറ്റളവിൽ നിന്നാണ് വാഹനത്തിന്റെ ഫോട്ടോ എടുക്കേണ്ടത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും ആപ്പ് മുഖേന മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നതാണ്. ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകും. വാഹന പുക പരിശോധന കേന്ദ്രം നടത്തിപ്പുകാർ അതത് ജില്ലയിലെ ആർടിഒയ്ക്ക് മുമ്പാകെ ഫോൺ ഹാജരാക്കിയാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നൽകുന്നതാണ്. പുക പരിശോധനയ്ക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചു നൽകി സർട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ തീരുമാനം.
Post Your Comments