Latest NewsKerala

നാഗമ്പടം പാലം അങ്ങനെയൊന്നും പൊളിയില്ല; പൊളിക്കാനുള്ള വഴി ശ്രീധരന്‍ പറയുന്നു

നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലത്തില്‍ കഴിഞ്ഞ ദിവസം രണ്ടു വട്ടം നിയന്ത്രിത സ്‌ഫോടനം നടത്തിയിട്ടും പാലം പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സ്‌ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം റെയില്‍വേ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉപേക്ഷിച്ചു. 6 മണിക്കൂറിനിടെ രണ്ടു വട്ടം സ്‌ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകര്‍ന്നില്ല. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. രാത്രി 9 മണിയോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പാലം തകര്‍ക്കുമ്പോഴുള്ള അവശിഷ്ടങ്ങള്‍ പാളത്തിലേക്ക് വീഴുമെന്നതിനാല്‍ രാവിലെ 9 മുതല്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു.

1955 ല്‍ നിര്‍മ്മിച്ച നാഗമ്പടത്തെ റയില്‍വേ മേല്‍പാലം പണിയുമ്പോള്‍ കോട്ടയത്ത് റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മെട്രോ മാന്‍ ഇ ശ്രീധരന്‍. പാലം നിര്‍മാണത്തില്‍ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. ‘നല്ല കരുത്തുള്ള പാലമാണത്. 2 തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാന്‍ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്’ ഇ ശ്രീധരന്‍ പറഞ്ഞു. വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകര്‍ക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. അത് ഇവിടെ പരീക്ഷിക്കാവുന്നതാണ്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകര്‍ക്കാന്‍ നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 40 50 ഇടങ്ങളില്‍ ഡയനാമിറ്റ് വച്ച് അയല്‍ കെട്ടിടങ്ങള്‍ക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണന്നും ഇ ശ്രീധരന്‍ പറഞ്ഞു.

തിരൂപ്പൂരിലെ മാക്ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്‌സ് എന്ന സ്ഥാപനമാണു പാലം പൊളിക്കാന്‍ 35 ലക്ഷം രൂപയുടെ കരാര്‍ എടുത്തത്. പൊളിക്കല്‍ പരാജയപ്പെട്ടതോടെ കമ്പനിക്കു പണം ലഭിക്കില്ല. ഇതേ കമ്പനി 2016ല്‍ ചെന്നൈയില്‍ മൗലിവാക്കത്ത് അപകടാവസ്ഥയിലായിരുന്ന 11നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തില്‍ പൊളിച്ചിരുന്നു. പാലം പൊളിക്കല്‍ പരാജയപ്പെട്ടതു സംബന്ധിച്ചു കലക്ടര്‍ പി.കെ. സുധീര്‍ ബാബു റെയില്‍വേയോടും കരാര്‍ കമ്പനിയോടും വിശദീകരണം തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button