തിരുവനന്തപുരം: ഇ ശ്രീധരന്റെ പേരും പറഞ്ഞ് കെവി തോമസ് ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡല്‍ഹിയിലിരുന്ന് കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെയെന്നും റെയില്‍വേ മന്ത്രിയെ ആര്‍ക്കും കാണാന്‍ കഴിയുമെന്നും വി മുരളീധരന്‍ പറഞ്ഞു. ഈ ശ്രീധരന്‍ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലവിലെ പദ്ധതി അപ്രായോഗികമാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
വി മുരളീധരന്റെ വാക്കുകൾ ഇങ്ങനെ;
‘കെവി തോമസിന് ഡല്‍ഹിയില്‍ പണിയില്ലങ്കില്‍ ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുത്. രാജ്യത്തെ ഏതൊരാള്‍ക്കും റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്താം. മുന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് കേന്ദ്ര റെയില്‍വേമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചിട്ടുണ്ടാകും. അതും പറഞ്ഞു ജനങ്ങളെ പറ്റിക്കാന്‍ നടക്കരുത്. ഈ ശ്രീധരന്‍ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലവിലെ പദ്ധതി അപ്രായോഗികമാണ്.
കെ റെയില്‍ എന്നാല്‍ കമ്മീഷന്‍ റെയിലാണ്. ഇതിന്റെ പേരില്‍ പലകച്ചവടങ്ങള്‍ കേരളത്തില്‍ നടന്നു. പുതിയ ചര്‍ച്ചക്ക് പിന്നിലും അത്തരമൊരു നീക്കമാണെങ്കില്‍ അത് ജനങ്ങള്‍ തിരിച്ചറിയും. കെ റെയിലിന്റെ പേരില്‍ കണ്‍സള്‍ട്ടന്‍സിയും കമ്മീഷനുമായി കോടികളാണ് അടിച്ചുമാറ്റിയിരിക്കുന്നത്. ഇനി പുതിയ പരിപാടിയുമായിറങ്ങി അതിന്റെ പേരിലും കുറെ കമ്മീഷന്‍ സിപിഎം നേതാക്കളുടെ പോക്കറ്റിലെത്തിക്കാനാണ് പുതിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതെങ്കില്‍ അത് ജനം തിരിച്ചറിയും.’
Post Your Comments