കുവൈത്തില്‍ 2021 ഏപ്രില്‍ മുതല്‍ മൂല്യ വര്‍ദ്ധിതനികുതി നടപ്പാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. പുകയില ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവക്ക് 2020 ഏപ്രില്‍ തുടക്കം മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ ആലോചനയുള്ളതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. 2021/ 22 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എങ്കിലും പാര്‍ലമെന്റിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് വാറ്റ് നടപ്പാക്കല്‍ എളുപ്പമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മൂല്യവര്‍ധിത നികുതി നടപ്പാക്കണമെന്നത് ജി.സി.സി തലത്തിലെടുത്ത തീരുമാനമാണെങ്കിലും പ്രാദേശികമായ എതിര്‍പ്പ് കാരണം കുവൈത്തില്‍ വാറ്റ് പ്രാബല്യത്തില്‍ വന്നിട്ടില്ല.
സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമാണെന്ന കാര്യം പാര്‍ലമെന്റിനെ ബോധ്യപ്പെടുത്തി സമവായത്തിലെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റിലെ ചര്‍ച്ചയടക്കമുള്ള ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മാത്രമേ നിയമനിര്‍മാണം നടത്താനാവൂ. ഇതിന് ശേഷമല്ലാതെ നികുതിയേര്‍പ്പെടുത്താനാവില്ല. സൗദിയും യുഎഇയും കഴിഞ്ഞ വര്‍ഷം വാറ്റ് നടപ്പാക്കിയിരുന്നു. കുവൈത്തില്‍ ഏതെങ്കിലും തരത്തിലുള്ള നികുതി ഏര്‍പ്പെടുത്തുക വ്യക്തമായ നിയമ പിന്‍ബലത്തോടെ മാത്രമാകുമെന്ന് ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്‌റുഫും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഹാഷിലും രണ്ടുമാസം മുമ്പ് അറിയിച്ചിരുന്നു.
Post Your Comments