കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടനങ്ങളിലൊന്നു നടത്തിയ ചാവേര്‍, സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ. മുഹമ്മദ് അസം മുഹമ്മദ് എന്ന പേരില്‍ തലേന്നു രാത്രിയാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. ശ്രീലങ്കക്കാരന്‍ തന്നെയെന്നു സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ നല്‍കിയ വിലാസം തെറ്റായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഏതാണ്ട് ഇതേ സമയത്തുതന്നെയായിരുന്നു ഷാങ്ഗ്രില, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്.
കൊളംബോയിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലെ റസ്‌റ്റോറന്റില്‍ ഇന്നലെ രാവിലെ 8.30 നായിരുന്നു സ്‌ഫോടനം. ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച് ഹോട്ടലിലെ റസ്‌റ്റോറന്റ്കളിലെല്ലാം സ്വദേശികളുടെയും വിദേശികളുടെയും വന്‍ തിരക്കായിരുന്നു, ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ തിരക്ക്.കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, വടക്കന്‍ തീരനഗരമായ നെഗോമ്ബോയിലെ സെന്റ് സെബാസ്്റ്റിയന്‍സ് പള്ളി, കിഴക്കന്‍നഗരമായ ബാട്ടിക്കോളയിലെ പള്ളി എന്നിവിടങ്ങളില്‍ ഈസ്റ്റര്‍ കുര്‍ബാന നടക്കവേ രാവിലെ 8.45-നാണ് സ്‌ഫോടനങ്ങളുണ്ടായത്.
കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാങ്‌രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. സ്‌ഫോടനങ്ങളേത്തുടര്‍ന്ന് കൊളംബോയുടെ പ്രാന്തപ്രദേശമായ ഒരുഗോഡവട്ടയില്‍ പോലീസ് തെരച്ചിലിനെത്തിയപ്പോള്‍ ചാവേര്‍ പൊട്ടിത്തെറിച്ച് മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഉച്ചകഴിഞ്ഞ് കൊളംബോ നഗരത്തിനു സമീപം കാഴ്ച ബംഗ്ളാവിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു.രാവിലെ തുടര്‍ച്ചയായി ആറു സ്‌ഫോടനങ്ങളുണ്ടായി. മണിക്കൂറുകള്‍ക്കകം രണ്ടു സ്‌ഫോടനംകൂടി. സെന്റ് സ്റ്റീഫന്‍സ് പള്ളിയിലും സെന്റ് ആന്റണീസ് പള്ളിയിലുമാണ് ആദ്യസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായതു സെന്റ് ആന്റണീസ് പള്ളിയിലാണ്. ഹോട്ടലുകളിലെത്തിയ വിദേശികളടക്കമുള്ള അതിഥികളും പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരുമാണ് ഇരയായവരില്‍ മിക്കവരും.
Post Your Comments