KeralaLatest NewsIndia

ശ്രീലങ്കന്‍ ചാവേര്‍ സഫ്രാന്‍ ഹാഷിമിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനം; ആശയപരമായേ ഐ.എസിനൊപ്പമുള്ളൂ: റിയാസ്‌ അബൂബക്കര്‍

ദക്ഷിണേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഐ.എസ്‌ ബന്ധമുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ തമ്മില്‍ സമൂഹമാധ്യമങ്ങള്‍വഴി ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും റിയാസ്‌

കൊച്ചി : സിറിയയിലും ഇറാഖിലും തകര്‍ന്നെങ്കിലും പല രാജ്യങ്ങളിലും ഭീകരസംഘടനയായ ഐ.എസിന്റെ ശാഖകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പാലക്കാടുനിന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്‌റ്റ്‌ ചെയ്‌ത റിയാസ്‌ അബൂബക്കറിന്റെ മൊഴി. ദക്ഷിണേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഐ.എസ്‌ ബന്ധമുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ തമ്മില്‍ സമൂഹമാധ്യമങ്ങള്‍വഴി ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും റിയാസ്‌ എന്‍.ഐ.എയുടെ ചോദ്യംചെയ്യലില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ ഐ.എസ്‌. പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമായൊരു ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിയാസ്‌ വ്യക്‌തമാക്കി. അതെ സമയം റിയാസുമായി അടുപ്പം പുലര്‍ത്തുന്ന കാസര്‍ഗോഡ്‌ സ്വദേശികളായ ഐ.എസ്‌. പ്രവര്‍ത്തകര്‍ക്കു പാരീസ്‌ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. ശ്രീലങ്കയില്‍ സ്‌ഫോടനത്തിന്‌ ഉപയോഗിച്ചത്‌ ട്രൈസെറ്റോണ്‍ ട്രൈപെറോക്‌സൈഡ്‌ (ടി.എ.ടി.പി) എന്ന സ്‌ഫോടവസ്‌തുവാണ്‌. പാരീസിലും ഓസ്‌ട്രേലിയയിലും ഫിലിപ്പീന്‍സിലുമെല്ലാം ഈ സ്‌ഫോടകവസ്‌തുവാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

കൊളംബോയിലെ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയില്‍ ചാവേറായ ആച്ചി മുഹമ്മദ്‌ മൊഹമ്മദു ഹസ്‌തൂം ഉപയോഗിച്ചതും ടി.എ.ടി.പിയാണ്‌. ഇയാള്‍ 11 ടി.എ.ടി.പികള്‍ നിര്‍മിച്ചുവെന്നും ഇവ നിര്‍മിക്കുന്നതിന്‌ തുര്‍ക്കിയില്‍വച്ച്‌ അയാള്‍ പരിശീലനം നേടിയിരുന്നുവെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇരുമ്പാണികള്‍, ബോള്‍ ബെയറിങ്ങുകള്‍, ചില്ലുകള്‍ തുടങ്ങിയവയാണ്‌ പ്രധാനമായും ഇതില്‍ ഉപയോഗിക്കുന്നത്‌. ഇതിനു സമാനമായചെറിയ ബോംബുകള്‍ കേരളത്തിന്റെ പലഭാഗത്തുനിന്നും പിടിച്ചെടുത്തിട്ടുണ്ട്‌.

ഇത്‌ ദക്ഷിണേഷ്യയിലെ ഐ.എസിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌. ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ ചാവേര്‍ സഫ്രാന്‍ ഹാഷിമിന്റെ പ്രഭാഷണങ്ങള്‍ തങ്ങള്‍ക്ക്‌ പ്രചോദനമായിരുന്നുവെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ച റിയാസ്‌ ആശയപരമായി മാത്രമാണ്‌ ഐ.എസിനൊപ്പം നില്‍ക്കുന്നതെന്നും രക്‌തച്ചൊരിച്ചിലോ കൊലപാതകമോ തങ്ങളുടെ മാര്‍ഗമല്ലെന്നുമാണു അഭിഭാഷകനെ കണ്ട ശേഷം പറയുന്നത്.2014ല്‍ കേരളത്തില്‍നിന്നുള്ള ഐ.എസ്‌. റിക്രൂട്ട്‌മെന്റ്‌ കേസിലാണു റിയാസിനെ പാലക്കാട്‌ മുതലമടയിലുള്ള വീട്ടില്‍നിന്ന്‌ എന്‍.ഐ.എ. അറസ്‌റ്റ്‌ ചെയ്‌തത്‌.

തിങ്കളാഴ്‌ച വൈകിട്ട്‌ ആറുമണിയോടെ കസ്‌റ്റഡിയില്‍ ലഭിച്ച റിയാസ്‌ അബൂബക്കറിനെ ഇന്നലെ രാവിലെ മുതല്‍ ചോദ്യംചെയ്യുകയാണ്‌. തുടര്‍ന്നുള്ള ദിവസങ്ങളിലും ചോദ്യംചെയ്യല്‍ തുടരുമെന്ന്‌ എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button