തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് നിരീക്ഷണം ഊര്‍ജിതമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ തോക്കുധാരിയെ തേടി പോലീസും രഹസ്യാന്വേഷണ ഏജൻസികളും. സി.സി. ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചടക്കം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടരുന്നു.
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണു സംഭവം. ഓട്ടോക്കാരൻ പറയുന്നത് ഇങ്ങനെ, അതീവസുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന അട്ടക്കുളങ്ങര മേഖലയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍നിന്ന് താടിക്കാരനായ യുവാവ് ഒരു ഓട്ടോറിക്ഷയില്‍ കയറി. ഹിന്ദിയും തമിഴും ഇംഗ്ളീഷും സംസാരിച്ച ഇയാളുടെ വേഷം വെളുത്തകുര്‍ത്തയും വെള്ളത്തൊപ്പിയുമായിരുന്നു.ആറടിയിലേറെ ഉയരമുണ്ട്.
ഓട്ടോയില്‍ മണക്കാട് ജങ്ഷനു സമീപമെത്തിയശേഷം യാത്രാക്കൂലി കൊടുക്കാന്‍ കുര്‍ത്തയുടെ കീശയില്‍നിന്നു പണമെടുക്കുന്നതിനിടെ ഇടുപ്പില്‍ ഒളിപ്പിച്ച തോക്ക് താഴെവീണു. ഇതോടെ പരിഭ്രാന്തനായ യുവാവ്, തോക്കെടുത്ത് പെട്ടെന്ന് അരയില്‍ തിരുകി. തുടര്‍ന്ന്, എണ്ണിനോക്കാതെതന്നെ ഓട്ടോ ഡ്രൈവര്‍ക്കു പണം നല്‍കിയശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവയില്‍ കയറി കടന്നുകളഞ്ഞു. സംഭവത്തില്‍ ദുരൂഹത തോന്നിയ ഓട്ടോ ഡ്രൈവറാണു പോലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് ജില്ലയുടെ മുക്കും മൂലയും പോലീസ് അരിച്ചുപെറുക്കിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. എന്നാല്‍, ഇയാള്‍ കയറിയ, വെള്ളനിറമുള്ള ഇന്നോവയെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷി മൊഴിപ്രകാരം പോലീസ് രേഖാചിത്രവും തയാറാക്കി. വിവരമറിഞ്ഞ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തു തങ്ങുന്നുണ്ട്. അജ്ഞാതന്റെ വരവു സംബന്ധിച്ച് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന.
Post Your Comments