കൊളംബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയ നാഷണൽ തൗഹീദ് ജമാ അത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് രണ്ട് മുസ്ലിം ഗവർണർമാർ രാജിവച്ചു. ബുദ്ധ സന്യാസിയായ അതുരാലിയേ രതാന കാൻഡി നഗരത്തിൽ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി. ഭീകരാക്രമണം നടത്തിയ തൗഹീദ് ജമാ അത്തുമായി യാതൊരു ബന്ധവുമില്ലെന്ന് ഗവർണർമാർ വ്യക്തമാക്കിയെങ്കിലും ഇവരെ പുറത്താക്കിയില്ലെങ്കിൽ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് രതാന പ്രഖ്യാപിച്ചതോടെയാണ് രാജി ഉണ്ടായത്.
ഇദ്ദേഹത്തെ പിന്തുണച്ച് കാൻഡിയിൽ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുകയും ചെയ്തു. നിരാഹാരം നീണ്ടുപോയാൽ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതോടെയാണ് പ്രസിഡന്റ് സിരിസേന ഗവർണമാരുടെ രാജി ആവശ്യപ്പെട്ടത്. പടിഞ്ഞാറൻ പ്രവിശ്യ ഗവർണർ അസത് സലേയും കിഴക്കൻ പ്രവിശ്യ ഗവർണർ ഹിസ്ബൊള്ളയുമാണ് രാജി നൽകിയത്. ശ്രീലങ്കയിൽ കഴിഞ്ഞ ഏപ്രിൽ 21 ന് നടന്ന ചാവേർ ഭീകരാക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തായിരുന്നു സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചത്.
ഈ സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വ്യവസായ മന്ത്രി റിഷാദ് ബതിയുദ്ദീനും നേരത്തെ രാജിവെച്ചിരുന്നു.ശ്രീലങ്കൻ പ്രസിഡന്റ് സിരിസേനയ്ക്ക് പിന്തുണ നൽകുന്ന പാർട്ടിയുടെ പാർലമെന്റ് അംഗമാണ് നിരാഹാരമിരുന്ന ബുദ്ധസന്യാസി രതാന. രതാനയ്ക്ക് പിന്തുണയുമായി പതിനായിരത്തോളം ബുദ്ധമത വിശ്വാസികൾ രംഗത്തെത്തിയിരുന്നു. കൊളംബോ കാത്തലിക് ചർച്ച് കാർഡിനൽ മാൽക്കവും രതാനയ്ക്ക് പിന്തുണയുമായി കാൻഡിയിൽ എത്തിയിരുന്നു. നിരവധി സന്യാസിമാരും രതാനയെ പിന്തുണച്ച് രംഗത്തെത്തി.
Post Your Comments