Latest NewsKerala

വല്ലാത്ത ശൂന്യത…അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ- മാണിയെ കുറിച്ച് ജോസ് കെ മാണി

കേരള രാഷ്ട്രീയത്തിലെ അതികായന് കണ്ണീരോടെ സംസ്ഥാനം വിട നല്‍കാനൊരുങ്ങുമ്പോള്‍ മകന്‍ ജോസ് കെ മാണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നൊമ്പരമാകുന്നു. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുവെന്നും ജോസ് കെ മാണി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു.

ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത…അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ.. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ.. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല…. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍… രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്ക് സ്നേഹസ്പര്‍ശമായി….

കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു… സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്‍ അച്ചാച്ചന്‍ എന്നും മുറുകെപിടിച്ച മാനുഷികത..അത് മറക്കാനാവില്ല… എത്രയെത്ര സന്ദര്‍ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്…

ചെന്നൈയില്‍ നിന്നും അക്കാലത്ത് നിയമബിരുദം നേടിയ അച്ചാച്ചന്‍ ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലര്‍ത്തി…വീട്ടില്‍ നിന്നും അകന്നുളള തമിഴ്നാട്ടിലെ വിദ്യാഭ്യാസത്തിന് മുന്‍കൈ എടുത്തതതും അച്ചാച്ചനായിരുന്നു..അച്ചാച്ചന്റെ ആ ക്രാന്തദര്‍ശിത്വം പിന്നീട് പൊതുജീവിതത്തിലേക്ക് കടന്നപ്പോള്‍ അടുത്തറിഞ്ഞു..

കരിങ്ങോഴയ്ക്കല്‍ കുടുംബത്തെക്കാളോ അതിലുപരിയായോ അച്ചാച്ചന്‍ കേരള കോണ്‍ഗ്രസ് കുടുംബത്തെ സ്നേഹിച്ചിരുന്നു.. സ്നേഹത്തിന്റെ തുലാസില്‍ കേരള കോണ്‍ഗ്രസ് കുടുംബത്തിനായിരുന്നു മുന്‍തൂക്കം….അച്ചാച്ചന്‍ നട്ടുനനച്ച പ്രസ്ഥാനം… ആയിരക്കണക്കിനായ പ്രവര്‍ത്തകരുടെ ആശയും ആവേശവുമായ പ്രസ്ഥാനം… പ്രാണനപ്പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാമെല്ലാമെന്ന് അച്ചാച്ചന്‍ എപ്പോഴും പറയുമായിരുന്നു….ഈ വേര്‍പാട് ഞങ്ങളേക്കാള്‍ ഹൃദയഭേദകമാണ് ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല.. ഹൃദയത്തില്‍ ചാലിച്ചെടുത്ത ആ ബന്ധങ്ങളില്‍ ഈ വേര്‍പിരിയിലിനു പകരം വയ്ക്കാനൊന്നുമില്ല… ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കല്‍ വസതി…കേരള കോണ്‍ഗ്രസ്.

https://www.youtube.com/watch?v=jpsHyfoDmDs

shortlink

Related Articles

Post Your Comments

Related Articles


Back to top button