ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാവുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി കൃത്യമായ ഇടവേളകളില്‍ ഇടതു പക്ഷം ഉള്‍പ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളേയും ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നതിലേയും, മറുവശത്ത് ഇടതുപക്ഷം മുഖ്യ എതിരാളികായിട്ടുള്ള വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലേയും വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു യെച്ചൂരി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ വഞ്ചിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്.ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് മുഖ്യ ലക്ഷ്യം എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇടതിനെതിരെ മത്സരിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഈ വൈരുദ്ധ്യത്തിന് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു എന്നും അദ്ദേഹം പറയുന്നു.
രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്നും, ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഓരോ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Post Your Comments