
ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാവരും ജയിക്കട്ടേ എന്ന ചിന്തയാണ് യഥാര്‍ഥ രാജ്യ സ്നേഹമെന്നും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു.
പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിക്കണം. എല്ലാവരെയും നിശിതമായി വിമര്‍ശിക്കുന്നത് ഒഴിവാക്കുകയും ഒരു ക്രിയാത്മക മനോഭാവം വളര്‍ത്തുകയും ചെയ്യണം. ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണംസാമൂഹികമായ തിന്മകള്‍, മതഭ്രാന്ത്, മുന്‍വിധികള്‍ എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ ആയിരിക്കണം യുവാക്കള്‍.
10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. എല്ലാം ഉള്‍ക്കൊള്ളുന്നതും സമ്പന്നവുമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വിദ്യാഭ്യാസ രീതി മാറ്റുകയും യഥാര്‍ഥ ചരിത്രം, പുരാതന നാഗരികത, സംസ്‌കാരം, പൈതൃകം എന്നിവ പഠിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും വേണമെന്നും സ്വപ്നം കാണാന്‍ ധൈര്യമുള്ളവരിലാണു രാജ്യത്തിന്റെ ഭാവിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Post Your Comments