ക്രൈസ്റ്റ്ചര്‍ച്ച്: നിലവിളിയോടെ ശരീരത്ത് ചോരയൊലിപ്പിച്ച് ആളുകള്‍ പുറത്തേക്കോടുന്ന ആ കാഴ്ചയുടെ ഞെട്ടല്‍ വിട്ടുമാറാന്‍ ഇനിയുമേറെക്കാലമെടുക്കുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. അല്‍നൂര്‍ മസ്ജിദിലെ വെടിവയ്പിന്റെയും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെയും ആഘാതം വിട്ടുമാറാതെ ഒടുവില്‍ ടീം നാട്ടിലേക്കു തിരിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന്, ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിലെ അവസാന ടെസ്റ്റ് റദ്ദാക്കി.
ന്യൂസീലന്‍ഡ് സംഭവം സുരക്ഷയെക്കുറിച്ചുള്ള സങ്കല്‍പങ്ങളെല്ലാം മാറ്റിമറിച്ചെന്നു ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. വിദേശരാജ്യത്തു മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളുടെ ഞെട്ടല്‍ മാറാന്‍ കാലം ഇനിയുമെടുക്കുമെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തമീം ഇക്ബാല്‍ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ബസില്‍ വന്ന ടീം കണ്ടത് മസ്ജിദില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതാണ്. വെടിയേറ്റ ആളുകള്‍ ചോരയൊലിക്കുന്ന ശരീരവുമായി പുറത്തേക്കോടുന്ന കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു 10 മിനിറ്റോളം ബസിലിരുന്നത് ടീം മാനേജര്‍ ഖാലിദ് മസൂദ് വിവരിച്ചു. ക്രിക്കറ്റ് ടീം വിദേശപര്യടനം നടത്തുമ്പോള്‍, ആ രാജ്യത്തെ സുരക്ഷാ അന്തരീക്ഷം കൂടി പരിഗണിക്കുന്നതു നിര്‍ബന്ധമാക്കുമെന്നു ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.
Post Your Comments