സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ജാര്‍ഖണ്ഡിന്റെ ജയം. തോല്‍വിയോടെ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കേരളം ഉയര്‍ത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 എന്ന സ്‌കോര്‍ കുറിച്ചത്.തിവാരിയെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന് ജയിക്കാമായിരുന്നു. അവസാന ഓവറുകളില്‍ അനാവശ്യമായി വന്ന ഫുള്‍ടോസ് പന്തുകള്‍ തിവാരിക്ക് കാര്യങ്ങള്‍ എളുപ്പവുമാക്കി. തുടക്കത്തില്‍ ആനന്ദ് നല്‍കിയ ക്യാച്ച് കേരളം കൈവിടുകയും ചെയ്തിരുന്നു.കേരളത്തിനായി സന്ദീപ് വാരിയര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സച്ചിന്‍ ബേബി(36) വിനൂപ്(31) എന്നിവരാണ് തിളങ്ങിയത്.
ജാര്‍ഖണ്ഡിനായി ഓപ്പണര്‍ ആനന്ദ് സിങ്(42 പന്തില്‍ 72) വിരാട് സിങ്(29 പന്തില്‍ 46) എന്നിവരുടെ ഇന്നിങ്സുകള്‍ അടിത്തറയൊരുക്കിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സൗരഭ് തിവാരിയുടെ ഇന്നിങ്സ് ടീമിന് ജയവുമൊരുക്കി. തിവാരി 24 പന്തില്‍ നിന്ന് 50 റണ്‍സ് നേടി.അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു തിവാരിയുടെ ഇന്നിങ്സ്. മധ്യഓവറുകളില്‍ സ്‌കോറിങ് വേഗത കുറഞ്ഞതും കേരളത്തിന് വിനയായി. ഗ്രൂപ്പ് എയില്‍ നിന്ന് ഡല്‍ഹിയും ജാര്‍ഖണ്ഡുമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഇവരോടാണ് കേരളം തോറ്റതും. ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായി.ജാര്‍ഖണ്ഡും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കൂ. മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ കേരള പേസര്‍മാരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
Post Your Comments