മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടോസ് നേടിയ കേരളം ഹരിയാനയെ ബാറ്റിംഗിനയച്ചു. സഞ്ജുവാണ് ഇന്ന് കേരള ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. ഹരിയാനയാണ് രണ്ടാമത്. ഉയര്‍ന്ന റണ്‍റേറ്റാണ് കേരളത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവരെയാണ് കേരളം പരാജയപ്പെടുത്തിയത്.
ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തെടുത്ത തകർപ്പൻ പ്രകടനം ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പരമ്പരയില്‍ സഞ്ജുവിനെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ കുമാര്‍ പുറത്തിരിക്കും.
കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, പി എ അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ആസിഫ് കെ എം, വൈശാഖ് ചന്ദ്രന്‍.
ഹരിയാന: ഹിമാന്‍ഷു റാണ (ക്യാപ്റ്റന്‍), അങ്കിത് കുമാര്‍, ചൈതന്യ ബിഷ്‌ണോയ്, ദിനേശ് ബന, നിശാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, അമിത് മിശ്ര, മോഹിത് ശര്‍മ, അമന്‍ കുമാര്‍.
Post Your Comments