
കരാക്കസ്: വെനസ്വേലയില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതായി. മരുന്നും ഭക്ഷ്യവസ്തുക്കളും യു.എന്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ വെനസ്വേലയില്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പുറത്താക്കാന്‍ മറ്റുരാജ്യങ്ങളുടെ സഹായം തേടി പ്രതിപക്ഷനേതാവ് ഹുവാങ് വൈദോ രംഗത്തെത്തി.. രാജ്യത്ത് വിദേശസഹായമെത്തിക്കാനായി പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം മഡുറോ തടഞ്ഞതോടെയാണിത്. ശനിയാഴ്ച സൈന്യവും സാധാരണക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ 14 വയസ്സുകാരനുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചിരുന്നു.
മഡുറോയെ പുറത്താക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പരിഗണിക്കണമെന്നാണ് വൈദോ പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് ആവശ്യപ്പെട്ടത്.മഡുറോയുടെ കൊള്ളക്കാര്‍ നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്നെന്നും അദ്ദേഹത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. വെനസ്വേലയില്‍ സൈനികനടപടിക്ക് തങ്ങള്‍ തയ്യാറാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. വെനസ്വേലയില്‍ സൈനിക ഇടപെടലിനുള്ള സാധ്യതയും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് നേരത്തേ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച യൂറോപ്യന്‍ യൂണിയനും മഡുറോയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി.
Post Your Comments