Latest NewsIndia

ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; പ്രതിഷേധം ശക്തമാക്കുമെന്ന് സി.കെ ജാനു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്കയിലാണ് കാടിന്റെ മക്കള്‍.രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നായി 11,27,446 ആദിവാസികളെയും ഇതര വനവാസികളെയും നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്.വനഭൂമിയിന്‍മേല്‍ അവകാശം ഉറപ്പുനല്‍കുന്ന നിയമപ്രകാരം കുടി ഒഴിപ്പിക്കല്‍ നടപടി കോടതിയില്‍ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതാണ് നിരവധി അരികു ജീവിതങ്ങളുടെ കണ്ണീരിനു കാരണമാകാന്‍ പോകുന്ന ഈ വിധിക്കു പിന്നില്‍.

വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ചില ഗവണ്‍മെന്റിതര സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. വനഭൂമിയില്‍ അവകാശം ഉന്നയിച്ചവരുടെ നിരസിക്കപ്പട്ട അപേക്ഷയുടെ അടിസ്ഥാനത്തില്‍ അത്തരക്കാരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കേസില്‍ ഫെബ്രുവരി 13ന് കേന്ദ്ര ഗവണ്‍മെന്റ് അഭിഭാഷകര്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവ്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തുവന്നു. ജൂലൈ 27 നുള്ളില്‍ കുടിഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

 

വനഭൂമിയില്‍ അവകാശം ഉന്നയിച്ച് അപേക്ഷ നല്‍കുകയും അത് നിരസിക്കപ്പെടുകയും ചെയ്തവരുടെ പട്ടിക സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് പല സംസ്ഥാനങ്ങളും പാലിച്ചിട്ടില്ല. ഉത്തരവ് പാലിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അത്തരം സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അംഗസംഖ്യ ഗണ്യമായി ഉയരും.ഒന്നാം യുപിഎ സര്‍ക്കാരാണ് വനാവകാശ നിയമം പാസാക്കിയത്. 2006ല്‍ പാസാക്കിയ നിയമത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി സംഘടനകളും പ്രകൃതി സംരക്ഷണ ഗ്രൂപ്പുകളും എതിര്‍ത്തിരുന്നു. നിയമം നടപ്പാക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ എതിര്‍പ്പ് നിയമം നടപ്പാക്കുന്നതിന് വിഘാതമായി. ഇവരുടെ നിഷേധാത്മക സമീപനമാണ് അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിനു കാരണമായതെന്ന് ആദിവാസി സംഘടനകള്‍ പരാതിപ്പെടുന്നു.

വനാവകാശനിയമം അട്ടിമറിക്കുന്ന നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമെന്ന് സി.കെ ജാനു അടക്കമുള്ള ആദിവാസി നേതാക്കള്‍ പറഞ്ഞു.ആദിവാസികള്‍ പാര്‍ക്കുന്നിടങ്ങളിലാണ് പലയിടത്തും വനം സംരക്ഷിക്കപ്പെടുന്നത്. ബാക്കിയുള്ള വനപ്രദേശങ്ങള്‍ കൂടി കൊള്ളയടിക്കാനുള്ള ശ്രമമാണിതിന് പിന്നിലെന്നും ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു പറഞ്ഞു. ആദിവാസികളെ വനത്തില്‍ നിലനിര്‍ത്തുന്നതിനാണ് വനാവകാശ നിയമം ഉണ്ടാക്കിയത്. ആ നിയമത്തെ തന്നെ അട്ടിമറിക്കുന്ന ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ നിന്നുമുണ്ടാകുമെന്നും സി.കെ ജാനു കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വനാവകാശ നിയമ സംരക്ഷണം തേടി സമര്‍പ്പിച്ച 39,999 അപേക്ഷകളില്‍ സര്‍ക്കാര്‍ നിരസിച്ചത് 894 പേരെയാണ്. ഇവരെയാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കേണ്ടി വരിക. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തിലാണ് ഈ കണക്ക് വ്യക്തമാക്കിയത്. അപേക്ഷ നിരസിച്ചവരെ എന്തുകൊണ്ട് വനത്തില്‍ നിന്ന് ഒഴിപ്പിച്ചില്ല എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങി ആകെ 16 സംസ്ഥാനങ്ങള്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.

ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വൈല്‍ഡ് ലൈഫ് ഫസ്റ്റ്’ തുടങ്ങിയ സംഘടനകള്‍ വനാവകാശ നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന് വാദിക്കുന്നു. നിയമം നടപ്പാക്കുന്നത് വനനശീകരണം ത്വരിതപ്പെടുത്തുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ തങ്ങളുടെ അവകാശം നിഷേധിച്ചുകൊണ്ടുള്ള നടപടി പുനഃപരിശോധിക്കണമെന്നാണ് ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ കോടതി ഉത്തരവ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ വിവാദമായിരിക്കും രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button