മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ആരോപണം. മതിയായ ചികിത്സ കിട്ടാതെ മധ്യവയസ്‌കൻ മരിച്ചതായി പരാതി. വെള്ളമുണ്ട ഏഴേ രണ്ടിലെ ബിയ്യൂർകുന്ന് കോളനിയിലെ രാമൻ(49) മരിച്ച സംഭവത്തിലാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്. മതിയായ ചികിത്സ കിട്ടാതെയാണ് രാമൻ മരണപ്പെട്ടതെന്നും, മരണശേഷം ഇദ്ദേഹത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നുമാണ് ഉയരുന്ന ആരോപണം.
ചികിത്സ കിട്ടാതെ രോഗി മരിച്ചതിലും, മൃതദേഹത്തോട് അനാഥരവ് കാട്ടിയതിലും പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. ഇത് പോലീസുമായി വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. ലാബ് ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മടങ്ങിയതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഇത്തരത്തിലൊരു ആരോപണമുയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തലകറക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സുജാതയും രാമൻ്റെ സഹോദരൻ ഗോപാലനുമായിരുന്നു കൂടെയുണ്ടായിരുന്നത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാൻ ചെയ്യുകയും, തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി പുരുഷന്മാരുടെ വാർഡിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ രോഗം മൂർച്ഛിച്ചു. വായിൽ കൂടിയും മൂക്കിൽകൂടിയും കഫം പുറത്തേക്ക് വരുന്ന അവസ്ഥ എത്തിയതോടെ, ബന്ധുക്കൾ പരിഭ്രാന്തരായി. രണ്ട് ഗുളികയും ഇഞ്ചക്ഷനും നൽകിയത് നഴ്സ് ആയിരുന്നു. ഡോക്ടർമാർ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. വൈകിട്ട് ഏഴ് മണിക്കും വിവരം നഴ്‌സുമാരെ അറിയിച്ചു. എന്നിട്ടും ഡോക്ടർ എത്തിയില്ല. എട്ടര മണിയോടെ രാമൻ മരിച്ചതിന് ശേഷമാണ് ഡോക്ടർമാർ പരിശോധനക്ക് എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെയാണ് ആശുപത്രി ജീവനക്കാർക്കെതിരെ പരാതി നൽകാൻ ബന്ധുക്കൾ തീരുമാനിച്ചത്.
അതിനിടെ വാർഡിൽ നിന്നും രാത്രി 10.30 ഓടെ മൃതദേഹം ആശുപത്രി ജീവനക്കാർ മോർച്ചറിയിലെ വരാന്തയിലേക്ക് മാറ്റിയിരുന്നു. ആരും ഇല്ലാതെ മൃതദേഹം അനാഥമായി കിടന്നു. പിന്നീടാണ് പുരുഷൻമാരുടെ വാർഡിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും രാമൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ വിവരം അറിയുന്നത്. ബന്ധുക്കൾ മോർച്ചറിക്ക് മുമ്പിലെത്തിയപ്പോൾ വരാന്തയിൽ കിടത്തിയ രാമൻ്റെ മൃതദേഹമാണ് കണ്ടത്. അനാഥമായ നിലയിൽ മൃതദേഹം കിടത്തിയത് കണ്ട് ബന്ധുക്കൾ തകർന്നു. നാട്ടുകാർ ക്ഷുഭിതരായി. പ്രശ്നം വഷളായതോടെ ആരോഗ്യ പ്രവർത്തകർ ഇടപെട്ടു. കഴിഞ്ഞ ദിവസം ആദിവാസി ദമ്പതികളുടെ ആറു മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോക്ടറെ പിരിച്ചുവിടുകയും മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.
Post Your Comments