ഇലക്ട്രിക്ക് വാഹന നിർമാണത്തിൽ സുപ്രധാന വഴിത്തിരിവാകുന്ന തീരുമാനവുമായി പ്രമുഖ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്ക്. ടെസ്ല കാറുകളിലെ സാങ്കേതികത ഇനി ആര്‍ക്ക് വേണമെങ്കിലും യഥേഷ്ടം ഉപയോഗിക്കാമെന്നും വിവിധ മോഡലുകളിലെ പേറ്റന്റ് ഒഴിവാക്കിയെന്നും ഇലോണ്‍ മസ്ക് അറിയിച്ചു. പേറ്റന്റിലൂടെ വിവിധ കമ്പനികള്‍ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനിടെയാണ് ടെസ്ലയുടെ ഈ സുപ്രധാന തീരുമാനം.
തങ്ങളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശ്വാസമുള്ള ആര്‍ക്കും അവ ഉപയോഗിക്കാം. അതില്‍ യാതൊരു തടസമുണ്ടാവില്ല. ടെസ്ലയുടെ സാങ്കേതികത ഉപയോഗിക്കുന്നതിന്റെ പേരില്‍ ഇനി ആര്‍ക്കെതിരെയും കോടതി നടപടികള്‍ ഉണ്ടാവില്ല. പ്രകൃതി സംരക്ഷണത്തിനായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് നീക്കം സഹായകരമാകുമെന്നും ഇന്ധനമുപയോഗിച്ച് ഓടുന്ന കാറുകളേക്കാള്‍ പ്രകൃതിയ്ക്ക് ദോഷകരമല്ലാത്തത് ഇലക്ട്രിക് കാറുകളാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യ കോപ്പിയടിക്കുന്ന വാഹന നിര്‍മാതാക്കളോട് നേരത്തെ പേറ്റന്റിന്റെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായും പരമ്പരാഗത മാര്‍ഗങ്ങളല്ലാതെ ഗതാഗത മേഖലയിലേക്ക് സജീവമാകുന്നത് പരിസ്ഥിതി സംരക്ഷണത്തിന് ഉതകുമെന്നാണ് വിലയിരുത്തപ്പെടുന്നുവെന്നും ഇലോണ്‍ മസ്ക് കൂട്ടിചേർത്തു.
Post Your Comments