
കൊല്ലം: നാല് പതിറ്റാണ്ട് മുമ്പ് നിര്‍മ്മാണം തുടങ്ങിയ പദ്ധതി ഇഴഞ്ഞു നീങ്ങിയ ശേഷമാണ് കൊല്ലം ബൈപ്പാസ് ഇന്ന് ഉദ്‌ഘാടനത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. സ്ഥലം എംപി എന്‍കെ പ്രേമചന്ദ്രന്‍ മുന്‍കൈയെടുത്തതും മോദി സര്‍ക്കാറിന്റെ താല്‍പ്പര്യവുമാണ് പദ്ധതിയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇടയാക്കിയത്.
ബൈപാസിന്റെ 4.5 കിലോമീറ്റര്‍ നിര്‍മ്മാണത്തിനു ഒന്നും രണ്ടും ഘട്ടമായി വേണ്ടി വന്നതു പതിറ്റാണ്ടുകളാണ്. ജില്ലയിലെ ഏറ്റവും വലിയ 2 പാലങ്ങള്‍ ഉള്‍പ്പെടെ ബാക്കി 8.5 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയതു 44 മാസം കൊണ്ടും ആണെന്നതാണ് ഈ പദ്ധതിയുടെ വേഗതയുടെ മാനദണ്ഡം.2015ല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മൂന്നാംഘട്ടം നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത ഏപ്രില്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെ 30 മാസമായിരുന്നു അനുവദിച്ചിരുന്ന നിര്‍മ്മാണ കാലയളവ്.
എങ്കിലും വീണ്ടും ഒരു വർഷം കൂടി നീണ്ടു. റോഡ് നിര്‍മ്മാണത്തിനായി സാധനങ്ങള്‍ ഇറക്കുന്നതിനിടെ പലതവണ തൊഴിലാളി സംഘടനകളുടെ ഇടപെടലുകള്‍ നേരിടേണ്ടി വന്നു. നോക്കുകൂലി ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായി. നാലു പതിറ്റാണ്ടിലേറെയായി ഒരു നാട് സ്വപ്നം കാണുന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്ന ഒരു പരിഗണനയും അവരില്‍ നിന്നുണ്ടായില്ല. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പുഴ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കു കൊല്ലം നഗരത്തിലെ വാഹനത്തിരക്കില്‍പ്പെടാതെ കടന്നുപോകാനാകും.
ആലപ്പുഴ ഭാഗത്തു നിന്നു വരുന്നവര്‍ നീണ്ടകര പാലം കടന്ന് ഒരു കിലോമീറ്ററില്‍ താഴെ സഞ്ചരിച്ചാല്‍ ആല്‍ത്തറമൂട്ടില്‍ എത്തും. ബൈപാസിന്റെ തുടക്കം ഇവിടെയാണ്.കൊല്ലംകാരുടെ ചിരകാല അഭിലാഷമായ ബൈപ്പാസിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്നതില്‍ പ്രധാന ലക്ഷ്യം ബൈപ്പാസ് ഉദ്ഘാടനമാണ്. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കും.
Post Your Comments