ബഹ്റൈന്‍: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി ഇന്നു മുതല്‍ നിലവില്‍ വന്നു. 1400 സര്‍ക്കാര്‍ സേവനങ്ങളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. രാജാവിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് മന്ത്രിസഭായോഗമാണ് ഇത് തീരുമാനിച്ചത്. മൂല്യവര്‍ധിത നികുതി നടപ്പിലാക്കിയ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുമുള്ള കൂടുതല്‍ ഇളവുകളോടെയാണ് ഇന്ന് മുതല്‍ രാജ്യത്ത് വാറ്റ് പ്രാബല്യത്തില്‍ വന്നത്. അഞ്ച് ദശലക്ഷം ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ആദ്യഘട്ടത്തില്‍ വാറ്റ് ബാധകമാക്കിയിട്ടുള്ളൂ. 94 അടിസ്ഥാന ഭക്ഷണ ഉല്പന്നങ്ങളും ആരോഗ്യ, വിദ്യാഭ്യാസ സേവന മേഖലകളും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍ മുന്‍ കൂട്ടി പ്രഖ്യാപിച്ചിരുന്നു.
പലിശ, പേഴ്സണല്‍ ലോണുകള്‍, വാഹന വായ്പകള്‍ തുടങ്ങിയ ബാങ്കിംഗ് വ്യവഹാരങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കെട്ടിടങ്ങളുടെ വില്പന, വാടകയ്ക്ക് നല്കല് തുടങ്ങിയവക്കും മൂല്യവര്‍ധിത നികുതി ഈടാക്കില്ല. അതേ സമയം ടെലി കമ്മ്യുണിക്കേഷന്‍സ്, വസ്ത്രം , തുണി , ഹോട്ടല്‍, റസ്റ്റോറന്റ്, വാഹനങ്ങള്‍ തുടങ്ങിയവക്ക് അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി ഈടാക്കും. 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാറ്റ് ബാധകമാകാതെ കൊണ്ടുവരാന്‍ കഴിയുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇളവ് നല്കിയ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments