Latest NewsKerala

നാടിനെ നടുക്കിയ രണ്ടര വയസുകാരന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍ മാതാവ് : കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

തിരുവനന്തപുരം: നാടിനെ നടുക്കിയ രണ്ടര വയസുകാരന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍ മാതാവും കാമുകനും. കുഞ്ഞിന് നേരെ ആഴ്ചകള്‍ നീണ്ട ക്രൂരപീഡനത്തിനൊടുവില്‍ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. വര്‍ക്കലയിലാണ് നാടിനെ നടുക്കിയ രണ്ടര വയസുകാരന്‍ ഏകലവ്യന്റെ കൊലപാതകം നടന്നത്.

സംഭവത്തെ തുടര്‍ന്ന് മാതാവ് ഉത്തരയും കാമുകന്‍ അയന്തി സ്വദേശി രതീഷും പൊലീസ് കസ്റ്റഡിയിലായി.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കുട്ടിയുടെ കുസൃതി സഹിക്കാന്‍ കഴിയാത്തതിനാല്‍ ഉപദ്രവിച്ചതായാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയതെങ്കിലും ഉത്തരയ്ക്ക് ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ഒഴിവാക്കാന്‍ കാമുകനുമായി ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ മരണത്തില്‍ പിതാവ് വടശ്ശേരിക്കോണം യു.എസ്.നിവാസില്‍ മനു സംശയം പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കമ്പുകൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്നാണ് ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും പൊലീസ് സര്‍ജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.

വയറുവേദനയെന്ന് പറഞ്ഞ് ഇവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വര്‍ക്കല പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.. അവിടെനിന്ന് വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് കുട്ടിമരിച്ചത്. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

മനുവിനെ ഉപേക്ഷിച്ച് ഒരുവര്‍ഷം മുമ്പാണ് ഉത്തര കാമുകനായ രതീഷിനൊപ്പം പോയത്. കുട്ടിയെ തനിക്ക് വിട്ടുകിട്ടാന്‍ മനു ശ്രമം നടത്തിയിരുന്നെങ്കിലും ഉത്തര അനുവദിച്ചിരുന്നില്ല.

കഴിഞ്ഞദിവസം മകന്റെ  മരണവാര്‍ത്തയറിഞ്ഞതോടെയാണ് സംശയം തോന്നിയ മനു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏകലവ്യന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മനുവിന് വിട്ടുകൊടുത്തു. ഉത്തരയേയും രതീഷിനേയും ഇന്ന് ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button