കൊച്ചി: കുടുംബ പെന്‍ഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനം ചൊണ്ടു ചെന്നെത്തിച്ചത് വയോധികയുടെ കൊലപാതകത്തിലേയ്ക്കായിരുന്നു. വൈറ്റിലയില്‍ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സേവ്യര്‍ വയോധികയുടെ രണ്ടാം ഭര്‍ത്താവിലെ മകനാണ്.
തങ്കച്ചന്റെ പിതാവ് ജോസഫിന്റെ കുടുംബപെന്ഷന് മേരിക്കായിരുന്നു ലഭിച്ചിരുന്നത്. പെന്ഷന് തുകയുടെ വിഹിതം തങ്കച്ചന് നല്‍കാത്തതിന്റെ പേരിലും മേരിയുമായി ഇയാള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നതായി സൂചനയുണ്ട്.
വൈറ്റില മേജര്‍ റോഡില്‍ നേരേവീട്ടില്‍ ജോസഫിന്റെ മകന് തങ്കച്ചനെ (സേവ്യര്‍-61) ആണ് ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ജോസഫിന്റെ രണ്ടാം ഭാര്യ മേരിയെയാണ് തങ്കച്ചന് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തി സ്ഥിരമായി തങ്കച്ചന്, മേരിയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപ വാസികള്‍ പറയുന്നു. എന്നാല്‍, സംഭവദിവസം ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് മരട് പോലീസ് അറിയിച്ചു.
തങ്കച്ചന്റെ ഭാര്യ മകളുടെ കൂടെ ബംഗളൂരുവിലാണ് താമസം. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ തങ്കച്ചന്റെ വധഭീഷണിയെതുടര്‍ന്ന് മേരി അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു. അവിടെ നിന്ന് മേരിയെ അനുനയിപ്പിച്ച് വിളിച്ചു കൊണ്ടുവന്നശേഷം മുറിക്കകത്താക്കി വാതില്‍ പുറത്തുനിന്നു കുറ്റിയിട്ടശേഷം മണ്ണെണ്ണയൊഴിച്ച് വീടിനു തീയിടുകയായിരുന്നു.
Post Your Comments