ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് ‘അഗ്നിച്ചിറകുകള്‍’. 1999 ലാണ് അഗ്നിച്ചിറകുകൾ പുറത്തിറങ്ങുന്നത്. ‘ഐ എസ് ആർ ഒ’ യെയും ഇന്ത്യൻ മിസൈൽ ശാസ്ത്ര മേഖലയെയും വാർത്തെടുത്തതിനു പിന്നിലുള്ള അധ്വാനവും ത്യാഗങ്ങളും ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും കിടപിടിക്കുന്ന ഇന്ത്യയുടെ ‘പൃഥ്വി’ക്കും ‘അഗ്നി’ക്കും ‘നാഗി’നും ‘ത്രിശ്ശൂലി’നും രൂപംകൊടുക്കുമ്പോള്‍ അദ്ദേഹം അനുഭവിച്ച വേദനകളും ഈ പുസ്‌തകത്തിൽ കാണാൻ കഴിയും.
ഖലീൽ ജിബ്രാനെയും ജോൺ മിൽട്ടനെയും ഒക്കെ വായിക്കുമെങ്കിലും ഏറ്റവും സെൻസിറ്റീവ് ആയി ജീവിതത്തെ നോക്കി കണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അബ്ദുൾകലാം. ‘സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാള്‍ എനിക്കെളുപ്പം റോക്കറ്റുകള്‍ ഉണ്ടാക്കുന്നതാണ്’- എന്നത് അദ്ദേഹത്തിന് മാത്രം പറയാൻ കഴിയുന്ന വാക്കുകളാണ്. ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം ,ചൈനീസ്, കൊറിയൻ എന്നീ ഭാഷകളിലേക്കെല്ലാം ‘അഗ്നിച്ചിറകുകള്‍’ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ളീഷിൽ മാത്രം ഏതാണ്ട് പത്തുലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്. അബ്ദുൾകലാമിന്റെ സുഹൃത്ത് കൂടിയായ അരുൺ തിവാരിയാണ് അദ്ദേഹത്തിന് വേണ്ടി ഈ പുസ്‌തകം പൂർത്തിയാക്കിയത്.
Post Your Comments