അസാധാരണമായ ഇച്ഛാശക്തിയും ഭാവാത്മകമായ സമീപനവും കൊണ്ട് ഒരു ജനതയ്ക്ക് പ്രേരണയും അഭിമാനവുമായ വ്യക്തി. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് അദ്ദേഹത്തിന് 87 വയസ്. കലാം കൊളുത്തിവെച്ച വിളക്ക് ഇന്നും രാജ്യത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് വെളിച്ചം പകരുകയാണ്.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണകുടുംബത്തില്‍ ജനിച്ച് രാഷ്ട്രപതിസ്ഥാനം വരെയെത്തിയ ഡോ എപിജെ അബ്ദുല്‍ കലാമിന്റെ ജീവിതം വിസ്മയിപ്പിക്കുന്നതായിരുന്നു. സ്വപ്നം കാണാന്‍ ഒരു ജനതയെ പഠിപ്പിക്കുകയും ഉറങ്ങിക്കിടക്കുമ്പോള്‍ കാണുന്നതല്ല ഉറങ്ങാന്‍ അനുവദിക്കാത്തതാകണം എന്ന് അവരെ ഓര്‍മ്മപ്പെടുത്തുകയും ചെയെത് ആ മഹാത്ാമാവിന്റെ നഷ്ടം നികത്താനാകാത്തതാണ്. കഠിനാധ്വാനവും ശുഭപ്രതീക്ഷയും കൊണ്ട് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഭാരതത്തിന്റെ എബ്രഹാം ലിങ്കണായിരുന്നു കലാം. ശാസ്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രപതികസേരയിലെത്തിയപ്പോഴായിരുന്നു കലാം നൂറുകോടിയിലധികം വരുന്ന ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അദ്ദേഹം മാര്‍ഗദര്‍ശിയും പ്രിയങ്കരനുമായി. വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരാളുടെയെങ്കിലും ജീവിതം മാറ്റി മറിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനകളും പ്രസംഗങ്ങളും. 1.6 കോടി ഇന്ത്യന്‍ യുവാക്കളെ നേരിട്ടു കണ്ടു സംസാരിച്ചിട്ടുണ്ടെന്നും അവരില്‍ രാജ്യത്തിന്റെ ഭാവി ഭദ്രമാണെന്നും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട് കലാം.
ഇന്ത്യയുടെ മിസൈല്‍ പദ്ധതികളുടെ പിതാവ് എന്ന വിശേഷണത്തിനൊപ്പം പരമോന്നതബഹുമതിയായ ഭാരത രത്നയും കലാമിനു രാജ്യം തിരികെ നല്‍കി. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ‘ഓപ്പറേഷന്‍ ശക്തി’ക്കു നേതൃത്വം നല്‍കിയതും കലാമായിരുന്നു. 1998ലായിരുന്നു അത്. അതിരാവിലൈ ഉറക്കമെഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രി ഒരുമണി വരെ അദ്ദേഹം ജനങ്ങള്‍ക്കായി ജീവിച്ചു. അവരുടെ സന്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കാനും മറുപടി നല്‍കാനും ശ്രദ്ധിച്ചു. ആരും ശ്രദ്ധിക്കാതെ പോയ പ്രതിഭകള്‍ കലാമിന്റെ ആദരവിന് പാത്രമായി. ഹിമാലയത്തില്‍ 18000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ക്യാംപിലെത്തി ജവാന്മാരെ സന്ദര്‍ശിച്ച രാഷ്ട്രപതി കരസേനാംഗങ്ങള്‍ക്ക് പകര്‍ന്ന ഊര്‍ജ്ജവും ഉത്സാഹവും അളവറ്റതായിരുന്നു. പോര്‍വിമാനത്തില്‍ പറന്ന ആദ്യ രാഷ്ട്രപതിയെന്ന നിലയിലും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി കലാം മുന്നോട്ട് വച്ച വികസനപദ്ധതികള്‍ മറ്റൊരാള്‍ക്കും വിഭാവനം ചെയ്യാന്‍ കഴിയാത്തതായിരുന്നു. വികസനത്തെപ്പറ്റി വെറുതെ പറയാതെ വികസന മാതൃകകള്‍ മുന്നോട്ടു വയ്ക്കുകയായിരുന്നു അദ്ദേഹം.
ഒരു ശാസ്ത്രജ്ഞന്റെ പുസ്തകം ചെറിയ ക്ലാസുകളിലെ കുട്ടികളുടെ പാഠ്യവിഷയത്തില്‍പ്പോലും ഉള്‍പ്പെട്ടതും അതേ പുസ്തകം തന്നെ ഗവേഷണവിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും വീണ്ടും വീണ്ടും വായിക്കുക എന്നതും അസാധാരണമായിരുന്നു. തലമുറകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്നും പഠിപ്പിക്കുന്ന അഗ്‌നിച്ചിറകുകള്‍ എന്ന കലാമിന്റെ പുസ്തകം ഇന്നും തേടിപ്പിടിച്ചു വായിക്കുന്നുണ്ട് നൂറു കണക്കിനാളുകള്‍. രാമേശ്വരത്തെ ഒരു കുഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ മിസൈല്‍ ശാസ്ത്രത്തിന്റെ പിതാവായും രാഷ്ട്രപതിയായും വളരാന്‍ കരുത്തേകിയ കഥയാണ് അഗ്‌നിച്ചിറകുകള്‍ വിശദീകരിക്കുന്നത്. സാങ്കേതിക ശാസ്ത്രത്തിനൊപ്പം സാഹിത്യവും ധാര്‍മികമൂല്യങ്ങളും കലാസ്വാദനവും മനുഷ്യസ്നേഹവും എല്ലാം ഒരു വ്യക്തിയില്‍ ഇത്രമാത്രം സമന്വയിക്കുമോ എന്ന് ഡോ. എപിജെ അബ്ദുല്‍ കലാം എന്ന വ്യക്തിയെ കണ്ട് നാം വിസ്മയിച്ചു. ഒരു കര്‍മയോഗിക്ക് ഏറ്റവും ഉചിതമായ രീതിയിലായിരുന്നു കലാമിന്റെ ദേഹത്യാഗം. ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണായിരുന്നു മരണം. അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യമില്ലാത്ത പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനായി ഇന്ത്യന്‍ ജനതയെ ഓര്‍മ്മിപ്പിക്കാനുള്ളതും അനശ്വരമായ ആ വാക്കുകള്‍ മാത്രം, സ്വപ്നം കാണുക, സ്വപ്നം കാണുക സ്വപ്നം കാണുക….
Post Your Comments