സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുന്നതും അനധികൃതമായി പണം നേടുന്നതുമായിരുന്നു താന്‍ ഉള്‍പ്പെട്ടിരുന്ന മാവോയിസ്റ്റ് സംഘത്തിന്റെ പ്രവൃത്തിയെന്ന് പോലീസില്‍ കീഴടങ്ങിയ മുന്‍ മാവോയിസ്റ്റ് പ്രവര്ത്തകന് വെളിപ്പെടുത്തി. രണ്ട് കൊല്ലം മുമ്പായിരുന്നു പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാവോയിസ്റ്റ് പ്രവര്ത്തകന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പോലീസിന് മുമ്പില്‍ കീഴടങ്ങിയത്. ഇയാള്‍ താനെങ്ങനെ മാവോയിസത്തില്‍ ചെന്ന് പെട്ടുവെന്നും അതില്‍ നിന്നും എന്ത് കൊണ്ട് മാറിനില്‍ക്കുന്നുവെന്നും വ്യക്തമാക്കി.
ഇയാള്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ (എം.സി.സി) പ്രവര്‍ത്തകര്‍ കോളേജില്‍ യോഗങ്ങള്‍ക്ക് വേണ്ടി വന്നിരുന്നുവെന്നും അതില്‍ താന്‍ ഭാഗമായെന്നും വ്യക്തമാക്കുന്നു. ജനങ്ങളെ സേവിക്കാന്‍ ആഗ്രഹമുള്ള ഇയാള്‍ എം.സി.സിയില്‍ ചേര്‍ന്നത് മൂലം പല പ്രവൃത്തികളുടെയും ഭാഗമായി. തുടര്‍ന്ന് ഒരു പ്രതിഷേധ റാലിക്കിടെ ഇയാള്‍ക്ക് പോലീസിന്റെ പക്കല്‍ നിന്നും ലാത്തിച്ചാര്‍ജ് കിട്ടിയിരുന്നു.
ഇതിന്റെ രോഷത്തില്‍ 1996ല്‍ ഇദ്ദേഹം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയായിരുന്നു. ഇയാളുടെ മക്കളുടെ പഠന ചിലവും മറ്റും മാവോയിസ്റ്റുകളായിരുന്നു നോക്കിയിരുന്നത്. സര്‍ജു താഴ്വരയില് വളരെയധികം കുഴിബോംബുകള്‍ താനുള്പ്പെട്ട് സംഘം സ്ഥാപിച്ചിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു. സര്‍ജു താഴ്വരയായിരുന്നു സി.പി.ഐ (മാവോയിസ്റ്റ്)യുടെ ആസ്ഥാനം. അവിടെ കേഡറുകള്‍ ആയുധങ്ങള്‍ ഉണ്ടാക്കാനും ബോംബുകള്‍ ഉണ്ടാക്കാനും പരിശീലിച്ചിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
2004ല്‍ പീപ്പിള്‍സ് വാറും എം.സി.സിയും ഒന്നായപ്പോള്‍ സംഘടനയില്‍ പല മാറ്റങ്ങളും വന്നുവെന്ന് ഇയാള്‍ പറയുന്നു. “നേതൃത്വം അനധികൃതമായി പണം സമ്പാദിക്കുന്നതിലും സുരക്ഷാ സൈനികരെ വധിക്കുന്നതിലുമായിരുന്നു താല്പര്യ പ്രകടിപ്പിച്ചത്. ഇത് ചോദിക്കാന്‍ ചെന്ന ഞങ്ങളെ അവര്‍ തീവ്ര വലത് പക്ഷക്കാരായി ചിത്രീകരിച്ചു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന പേരില്‍ എന്തിനാണ് സുരക്ഷാ ഭടന്മാരെ കൊല്ലുന്നതെന്നും ഞങ്ങള്‍ ചോദിച്ചു,” ഇയാള്‍ പറയുന്നു.
2009ല്‍ പോലീസ് കീഴടങ്ങുന്നതിന് വേണ്ടി പ്രത്യേക നയം രൂപീകരിച്ചിരുന്നു. 2015ലും 2016ലും ഈ നയത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഈ സമയത്താണ് ഇയാള്‍ കീഴടങ്ങുന്നത്. പോലീസിന് കീഴടങ്ങിയാല്‍ അവര്‍ കീഴടങ്ങുന്നവരെ പീഡിപ്പിക്കുമെന്ന് പലരും പറഞ്ഞിരുന്നുവെന്ന് ഇയാള്‍ വിശദീകരിച്ചു. എന്നാല്‍ തന്നെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി രഘുഭര്‍ ദാസ് തന്നെ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഇയാള്‍ വ്യക്തമാക്കി. ശേഷം വൈദിക സഹായം കിട്ടാന്‍ വേണ്ടി പുറത്ത് പോകുന്നു എന്ന് പറഞ്ഞ് ഇയാള്‍ മാവോയിസ്റ്റ് ക്യാമ്പില്‍ നിന്നും പുറത്ത് വന്ന് കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് 23 മാസക്കാലത്തോളം ഇയാള്‍ ജയിലിലായിരുന്നു. ഇയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയിരുന്നു. സമൂഹത്തില്‍ നിന്നും ഇയാള്‍ക്ക് ഒരു വിധത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. ‘ഞാന്‍ എന്റെ ഗ്രാമത്തില്‍ പോകുമ്പോള്‍ 300 മുതല്‍ 400 പേര് വരെ എന്നെ കാണാന്‍ വരാറുണ്ട്. കീഴടങ്ങിയത് ഒരു നല്ല കാര്യമാണെന്നാണ് അവര്‍ പറയാറുള്ളത്,’ ഇയാള്‍ പറയുന്നു.
ഇയാള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ മാധ്യമ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. മാവോയിസ്റ്റുകളോട് സമൂഹത്തിലേക്ക് തിരിച്ച് വരാനാണ് ഇയാള്‍ പറയുന്നത്.
Post Your Comments