Latest NewsArticle

തട്ടിപ്പിലേയ്ക്കു തലനീട്ടി മല്ലൂസ്‌

നാരദൻ

മന്ത്രവാദവും പൂജയും നിധിതേടലുമൊക്കെ ചേർന്ന് ദാ വണ്ണപ്പുറത്ത്‌ നാലംഗകുടുംബം മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു.

കൊല്ലപ്പെട്ട ഗൃഹനാഥൻ ആഭിചാര മന്ത്രവാദങ്ങൾ നടത്തിയിരുന്ന ആളായിരുന്നെന്നും അതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണു കൊലയിലേയ്ക്കുനയിച്ചതെന്നുമാണു പിന്നാമ്പുറവാർത്തകൾ.

ഇല്ലാത്ത നിധിയുടെ പിന്നാലെ പോയും ദാരിദ്ര്യദോഷം മാറാൻ ലക്ഷങ്ങൾ ചിലവിട്ട്‌ ഹോമവും പൂജയും നടത്തി വൻ കടക്കെണിയിലകപ്പെട്ടും മലയാളി കബളിപ്പിക്കലുകളുടെ കെണിയിലേയ്ക്ക്‌ അറിഞ്ഞുകൊണ്ട്‌ നടന്നടുക്കുകയാണ്‌ പിന്നെയും..

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, മുന്തിയ, മാന്യമായ വസ്ത്രധാരണം നടത്തിയ രണ്ടു ചെറുപ്പക്കാര്‍ ലാപ്ടോപ്പും ഫയലുമൊക്കെയായി മനം മയക്കുന്ന പുഞ്ചിരിയോടെ, ആത്മവിശ്വാസം ആവോളം നിറച്ച മുഖവുമായി നാരദന് മുന്നിലെത്തിയത്.

വളരെ ചെറിയൊരു മുതല്‍മുടക്കിലൂടെ ഏതാനും മാസങ്ങള്‍ക്കകം ലക്ഷാധിപതിയും പിന്നെ കോടീശ്വരനുമാവാനുള്ള കുറുക്കുവഴികള്‍ പൂജ്യം വെട്ടിക്കളിയിലൂടെ അവര്‍ വരച്ചുകാട്ടുകയും ഇങ്ങനെ ധനികരായവരുടെ ആഡംബരജീവിതം ലാപ്ടോപ്പിലൂടെ കാണിച്ചുതരികയും ചെയ്തപ്പോള്‍ അധ്വാനിയ്ക്കാതെ സമ്പന്നനാവാമെന്ന ശരാശരി മലയാളിയുടെ വളഞ്ഞ ബുദ്ധിയില്‍ നാരദനും അകപ്പെട്ടുപോയി.

എന്നാല്‍ മാസങ്ങള്‍ പലതുകഴിഞ്ഞിട്ടും പൂജ്യം വെട്ടിക്കളിച്ചുകൊണ്ട് ഇരിയ്ക്കുകയും പോക്കറ്റില്‍ പൂജ്യങ്ങളുടെ എണ്ണം കൂടുകയും ചെയ്തതോടെ മനസ്സിലായി, പൂജ്യം സംപൂജ്യമായിത്തന്നെ തുടരുമെന്ന്.

മണിചെയിന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന തട്ടിപ്പിന് കേരളത്തില്‍ ഇരകളായ ലക്ഷങ്ങളില്‍ ഒരുവനായി നാരദനും.

ക്രമേണ തട്ടിപ്പുകാര്‍ ഒന്നൊന്നായി കുടുങ്ങുകയും ജയിലിലാവുകയും ചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചു മൂക്കത്ത് വിരല്‍ വച്ച ഇരകള്‍ പക്ഷെ അപ്പോഴും വളഞ്ഞ വഴിയിലെ ധനസമ്പാദനമെന്ന മനോഹര സ്വപ്നത്തിന്‍റെ പിടി വിടാതെ മുഖം മാറി വന്ന മറ്റ് വലകളില്‍ കുരുങ്ങാന്‍ തയ്യാറായി ക്യു നിന്നു.

പഴയ വേഷമഴിച്ചുവച്ച് നൂതനമാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാര്‍ ഇരകളെ തേടി ഇപ്പോഴും വല വിരിച്ച് കാത്തിരിയ്ക്കുന്നു. പറ്റിയ അബദ്ധങ്ങളില്‍ നിന്ന് പഠിയ്ക്കാതെ മലയാളി വീണ്ടും വീണ്ടും ആ വലകളില്‍ ചെന്ന് കുരുങ്ങുന്നു.

വാസ്തവത്തില്‍ ഇത്രയും മണ്ടശിരോമണികള്‍ ലോകത്ത് കേരളത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലുമുണ്ടോ?

ആട്, മാഞ്ചിയം, തേക്ക് പദ്ധതികള്‍,ഫ്ലാറ്റ് ചിട്ടി നിക്ഷേപപദ്ധതികള്‍,സ്വര്‍ണ്ണച്ചേന എന്നുവേണ്ട, സകലമാന രീതികളിലും തലവച്ച് ഒടുവില്‍ അയ്യോ എന്നെ പറ്റിച്ചേ എന്ന് അലമുറയിടുന്നവര്‍ ഇരുട്ടിവെളുക്കുമ്പോള്‍ പഴയതൊക്കെ മറന്നു വീണ്ടും കബളിപ്പിയ്ക്കലുകള്‍ക്ക് മുന്നില്‍ കഴുത്ത്നീട്ടിക്കൊടുക്കുന്നു.

സൈബര്‍ലോകം വികസിച്ചതോടെ ആ മേഖലയില്‍ പതുങ്ങിയിരുന്ന് ഇരകളെ വശീകരിച്ച് കോടികള്‍ തട്ടുന്ന രീതി പരക്കെ വ്യാപകമായിട്ടും വര്‍ഷങ്ങളേറെയായി.

ഭാരിച്ച സ്വത്തിന്‍റെ അവകാശിയായ അനാഥപ്പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥനകളായും ഏതോ രാജ്യത്ത് നടന്ന നറുക്കെടുപ്പില്‍ വിജയികളായതായി അറിയിച്ചും വരുന്ന മെയിലുകളില്‍ വിശ്വസിച്ച് മുന്‍പിന്‍ നോക്കാതെ പണമയച്ചും അക്കൌണ്ട് വിവരങ്ങള്‍ കൈമാറിയും കൈ പൊള്ളിയ ആയിരക്കണക്കിന് മലയാളികളില്‍ നാണക്കേട് വിചാരിച്ച് അബദ്ധം പുറത്ത്പറയാത്തവര്‍ എത്രയെത്ര.?

അന്താരാഷ്ട്രതലത്തില്‍ കുതിച്ചുമുന്നേറുന്ന ഇത്തരം തട്ടിപ്പുകളുടെ വിജയസാധ്യത മുതലാക്കി ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ടുപിടിച്ച് ഇത്തരം തട്ടിപ്പുകള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന കാഴ്ചകള്‍ കാണുന്നുണ്ട്.

ധനാകര്‍ഷണയന്ത്രം, അവയവവളര്‍ച്ചാമന്ത്രം,കാമിനീസൂക്തം തുടങ്ങിയ പേരുകളില്‍ പത്രങ്ങളിലെ പരസ്യബോക്സുകളില്‍ ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ നിത്യേന കാണാറുണ്ട്.

ചെറ്റക്കുടിലില്‍ കഴിഞ്ഞിരുന്ന പാലക്കാട്ടെ ഒരു സിദ്ധന്‍ സ്ത്രീവശീകരണയന്ത്രം എന്ന പേരില്‍ ഏലസ്സുകള്‍ പൂജിച്ചുനല്‍കി ലക്ഷാധിപതിയാവുകയും ഏലസ്സ് അരയില്‍ ധരിച്ച കാമിനീമോഹികള്‍ ഫംഗസ്ബാധയേറ്റ് വശം കെട്ടപ്പോള്‍ അതിനും മേല്‍പ്പടി സിദ്ധന്‍ അത്ഭുതമരുന്ന് നിര്‍മിച്ചുനല്‍കി കോടീശ്വരനാവുകയും ചെയ്തത് പത്രങ്ങളില്‍ രസകരമായ വാര്‍ത്തയായി വന്നത് ഓര്‍ക്കുമല്ലോ?

സംഭവം കാര്യമായാലും തമാശയായാലും ഇത്തരം വ്യാജസിദ്ധന്മാര്‍ അരങ്ങുവാഴുകയാണ് കേരളമാകെ.

അക്ഷയതൃതീയ എന്നപേരില്‍ പുതിയൊരു തട്ടിപ്പ് അടുത്തകാലത്തായി കേരളത്തില്‍ എത്തിച്ചേര്‍ന്നതും ഈ സംഭവങ്ങളോട് ചേര്‍ത്തുവായിയ്ക്കാം.

മൂന്നോ നാലോ വര്‍ഷങ്ങളെ ആയിട്ടുള്ളൂ ഈ ആചാരാധിഷ്ഠിത കബളിപ്പിയ്ക്കലുകള്‍ തുടങ്ങിയിട്ട്. ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ ഒരു ദിനമായിരുന്നത് ഇപ്പോള്‍ രണ്ടും മൂന്നും ദിവസങ്ങളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. സകല ജൂവലറികളുടെയും മുന്നില്‍ മദ്യഷാപ്പിനെ വെല്ലുന്ന ക്യൂ ആയിരുന്നു ഈ ദിവസങ്ങളില്‍.!

വാങ്ങുന്നവനെക്കാള്‍ വില്‍ക്കുന്നവനെയാണ് അക്ഷയതൃതീയ കടാക്ഷിയ്ക്കുന്നത് എന്നതാണ് സത്യം. സ്വര്‍ണ്ണക്കടക്കാരുടെ ഗൂഡചിരിയില്‍ ഒരു പറ്റിയ്ക്കല്‍ചുവ കാണുന്നില്ലേ?

എനിയ്ക്കെല്ലാം അറിയാം എന്ന പുച്ഛഭാവം രക്തത്തിലലിഞ്ഞ മലയാളിയെ ഏറ്റവും എളുപ്പത്തില്‍ കബളിപ്പിയ്ക്കാം എന്ന വാസ്തവം തട്ടിപ്പുകാര്‍ക്ക് നന്നായറിയാം. അതവര്‍ ആവോളം മുതലാക്കുകയും ചെയ്യുന്നുണ്ട്.

നേരായ മാര്‍ഗത്തിലൂടെ കഠിനപരിശ്രമം വഴി മാത്രമേ സാമ്പത്തിക അഭിവൃത്തി സാധ്യമാവുകയുള്ളൂ എന്ന പരമാര്‍ത്ഥം മനസ്സിലാക്കാതെ ചുളുവില്‍ ധനികനാവാമെന്ന മലയാളി മോഹങ്ങളെ ആവോളം ചൂഷണം ചെയ്യുന്ന സാമര്‍ത്ഥ്യക്കാരെ എന്തിനു കുറ്റം പറയണം? നന്നാവേണ്ടത് അവനവന്‍തന്നെയല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button