Latest NewsGulf

പ്രവാസി മലയാളികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധന

കരിപ്പൂര്‍: പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്. ​ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിനാണ് വൻ വർദ്ധനവ് ഉണ്ടായത്. എയര്‍ ഇന്ത്യയടക്കമുള്ളവ ആറും ഏഴും ഇരട്ടിയാണ് തുക കൂട്ടിയത്. ​ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ അടച്ചതിനാല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത് മുതലെടുത്താണ് വിമാന കമ്പനികളുടെ കൊള്ള. വിലവര്‍ദ്ധനയ്‌ക്കൊപ്പം ടിക്കറ്റ് ക്ഷാമവും രൂക്ഷമായി.

ALSO READ: ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

ജിദ്ദയില്‍നിന്ന‌് നെടുമ്ബാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക‌് നിരക്ക് 13,000-14,000ത്തിനും ഇടയിലായിരുന്നു. ഇത‌് 50,000ത്തിന് മുകളിലാക്കി. റിയാദില്‍നിന്നും ദമാമില്‍നിന്നും കരിപ്പൂരിലെത്താന്‍ ഇപ്പോള്‍ 37,000 രൂപ നല്‍കണം. 12,000 രൂപയായിരുന്നു ഒരാഴ്ച മുൻപത്തെ നിരക്ക്. മസ‌്കത്ത്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന‌് കരിപ്പൂരിലേക്കുള്ള നിരക്ക് 36,000 രൂപയാണ്. നെടുമ്പാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 32,000 രൂപയും. 8000 മുതല്‍ 9000 വരെയായിരുന്നു പഴയ നിരക്ക്. ചുരുങ്ങിയ ചെലവില്‍ സര്‍വീസ് നടത്താറുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസും കഴുത്തറപ്പന്‍ ചാര്‍ജാണ‌് ഈടാക്കുന്നത്. ഓണം, ബലിപെരുന്നാള്‍ അവധി കഴിയുംവരെ വര്‍ധിപ്പിച്ച നിരക്കില്‍ മാറ്റംവരുത്താന്‍ സാധ്യതയില്ല.

ഒരാഴ്ചയായി വിദേശ വിമാന കമ്പനികള്‍ കേരളത്തിലേക്ക് ബുക്കിങ് സ്വീകരിക്കുന്നില്ല. അടുത്ത ഒരുമാസത്തേക്ക് ടിക്കറ്റ് കിട്ടാനുമില്ല. ഒരുമാസം മുൻപ് ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ നാട്ടിലെത്താനാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button