ന്യൂഡൽഹി: രാജ്യത്തിന്റെ ചെറു ധാന്യങ്ങള്‍ക്ക് കൂടുതല്‍ വിപണി ഒരുക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ചെറു ധാന്യങ്ങള്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. പദ്ധതി വിപുലമാക്കാൻ കേന്ദ്ര സര്‍ക്കാരുമായി ലുലു ഗ്രൂപ്പും കൈകോർക്കുന്നു. 2023നെ ലോകരാജ്യങ്ങള്‍ ചെറുധാന്യങ്ങളുടെ വര്‍ഷമായാണ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരും ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും ഒരുമിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അഥോറിറ്റി (എപിഇഡിഎ) കഴിഞ്ഞദിവസം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിങ് മാളുകളും ലുലു ഗ്രൂപ്പിനുനുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.
ഇന്ത്യയില്‍ നിന്നുള്ള ചോളം, റാഗി (പഞ്ഞപ്പുല്ല്), തിന, കൂവരക്, ചാമ, കവടപ്പുല്ല്, വരക്, കമ്പം തുടങ്ങിയവയാണ് പ്രധാനമായും കയറ്റി അയയ്ക്കുക. തുവര, മുതിര, ബാര്‍ലി ഇനത്തില്‍പ്പെട്ട ചില ചെറുപയര്‍വര്‍ഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇവയൊക്കെ ഇനി ഇന്ത്യയില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് ലുലു ഗ്രൂപ്പ് എത്തിക്കും. കരാറിന്റെ അടിസ്ഥാനത്തില്‍ മില്ലറ്റുകളും അതിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയ്ല്‍ ശൃംഖലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ലുലു അവസരമൊരുക്കും. ലുലുവിന്റെ മുന്നൂറില്‍ അടുത്തുള്ള സ്‌റ്റോറുകളില്‍ ഇതിനായി സജ്ജമാക്കും.
Post Your Comments