ചെന്നൈ: കുട്ടികളെ കടത്തിക്കൊണ്ടു പോകുവാനെത്തിയവരെന്ന സംശയത്തില്‍ രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളെ ജനക്കൂട്ടം തല്ലിക്കൊന്നു. കാഞ്ചീപുരത്തും വെല്ലൂരിലുമാണ് സംഭവം. കാഞ്ചീപുരത്തെ ചിന്നയ്യന്‍ഛത്രം, വെല്ലൂരിലെ പരശുരാമന്‍പെട്ടി എന്നിവിടങ്ങളിലാണ് യുവാക്കളെ തല്ലിക്കൊന്നത്. മരിച്ചവര്‍ ഉത്തരേന്ത്യക്കാരാണെന്നതല്ലാതെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെല്ലൂരില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് വിനോദ് (27), തമിഴ്‌സെല്‍വന്‍(28), വിനായകന്‍(35), പരന്താമന്‍(26), വാസു(55), വെങ്കടേശന്‍(46), ധര്‍മ്മന്‍(44), യോഗനാഥന്‍(42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഉത്തരേന്ത്യന്‍ സംഘം എത്തിയിട്ടുണ്ടെന്ന് സമൂഹ്യമാധ്യമങ്ങളില്‍ നേരത്തേ പ്രചരണം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരശുരാമന്‍പെട്ടിയില്‍ ഒറ്റയ്ക്ക് നടന്നിരുന്ന യുവാവിനെ ജനക്കൂട്ടം ആക്രമിച്ചത്. മര്‍ദ്ദനമേറ്റ ഇയാളെ ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാള്‍ മാനസിക ദൗര്‍ബല്യമുളള ആളാണെന്ന് സംശയിക്കുന്നുണ്ടെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ടയാളാണെന്നതിന് തെളിവു ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
നാല്‍പതു വയസ് പ്രായമുള്ള ആളെയാണ് ചിന്നയ്യന്‍ഛത്രത്തില്‍ ആളുകള്‍ ആക്രമിച്ചത്. വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ഏഴു വയസുള്ള കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചു എന്ന് സംശയിച്ചാണ് ഇയാളെ ആക്രമിച്ചത്. കുട്ടിയുടെ അടുത്തേക്കെത്തിയ ഇയാളെ ആളുകള്‍ ആദ്യം ഓടിച്ചു വിട്ടെങ്കിലും വീണ്ടും ആ പരിസരത്ത് കണ്ടതോടെ ആളുകള്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാണാതായി. പിന്നീട് അരക്കീലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
Post Your Comments