ആരെയും ആകര്‍ഷിക്കുന്ന മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന ഒരിടമാണ് സിക്കിം. ഇന്ത്യയുടെ വടക്ക് കിഴക്കായി ഹിമാലയന്‍ സാനുക്കളുടെ അടിവാരത്തിലാണ് സിക്കിം സ്ഥിതി ചെയ്യുന്ന സിക്കിമില്‍ സഞ്ചാരികള്‍ക്ക് കൗതുകമൊരുക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പൌരാണികമായ പല ക്ഷേത്രങ്ങളും ഈ യാത്രയില്‍ കാണാം. സിക്കിം യാത്രയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഈ ബുദ്ധ കേന്ദ്രങ്ങള്‍.
സിക്കിമില്‍ ആദ്യം നിര്‍മ്മിച്ചതും ഏറ്റവും പുരാതനവുമായ ഗോമ്പയാണ് ദുബ്ദി സന്യാസിമഠം. 1701ല്‍ ചോഗ്യാലകള്‍ നിര്‍മ്മിച്ച ഈ ആശ്രമം നൈങ്‌മാ വിഭാഗത്തിന്റേതാണ്. ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഭാഗമാണ് ദുബ്ദി സന്യാസി മഠവും. സന്യാസിയുടെ അറ എന്നറിയപ്പെടുന്ന ഈ മലമുകളിലെ ആശ്രമത്തിലേയ്ക്ക് യുക്‌സോമില്‍ നിന്ന് അരമണിക്കൂര്‍ യാത്രയെയുള്ളൂ.
സിക്കിമില്‍ സ്ഥാപിച്ച അഞ്ച് സന്യാസി മഠങ്ങളില്‍ ഹാട്‌സുന്‍ നംഖാ ജിഗ്മെ സ്ഥാപിച്ച ഈ മഠം മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. 7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ ഉള്‍ഭാഗം മനോഹരമാണ്. ആശ്രമ ചുമരുകളില്‍ ദൈവങ്ങളുടെയും സന്യാസി വര്യന്മാരുടെയും ചിത്രങ്ങള്‍ കാണാം. ഇവിടെ പുസ്‌തകങ്ങളുടെയും കൈയ്യെഴുത്ത് പ്രതികളുടെയും വലിയൊരു ശേഖരം സൂക്ഷിച്ചിട്ടുണ്ട്. ദുബ്ദിയുടെ സ്ഥാപനത്തില്‍ മുന്‍കൈ എടുത്ത മൂന്നു ലാമമാരുടെ പ്രതിമകളും ആശ്രമത്തിലുണ്ട്. ഈ ആശ്രമ സന്ദര്‍ശനം സഞ്ചാരികള്‍ക്ക് രസകരമായ ഒരു അനുഭവമായിരിക്കും.
യുക്‌സോമിലെ ഈ ആശ്രമത്തിനു സമീപമാണ് ഖേചിയോപാല്‍റി തടാകം. ഹിന്ദുക്കളും ബുദ്ധമതക്കാരും പുണ്യമായി കരുതുന്ന തടാകമാണ് ഖേചിയോപാല്‍റി. തടാകത്തിലെ പുണ്യജലത്തിന് ആഗ്രഹങ്ങള്‍ സാധിച്ച് നല്‍കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. ഖാചോട്പാല്‍റി എന്നും അറിയപ്പെടുന്ന മനോഹരമായ ഈ തടാകം ഖെചിയോപാല്‍റി ഗ്രാമത്തിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഖെചോയിഡ്പാല്‍ഡ്രി മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമവും പരിപാവനമായാണ് കണക്കാക്കപ്പെടുന്നത്.
Post Your Comments