ടാങ്ടോക്ക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 9 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പത്രികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 32 അംഗ നിയമസഭയിലേക്കുള്ള 14 സ്ഥാനാർത്ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഭീംകുമാർ ശർമ, അരുൺ മാനേജർ എന്നിവരാണ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലുള്ള പ്രമുഖർ. ആദ്യ പട്ടികയിൽ ബിജെപി സിക്കിം സംസ്ഥാന പ്രസിഡന്റ് ഡി.ആർ ഥാപ്പ, മുതിർന്ന നേതാവ് എൻ.കെ സുബ്ബ എന്നിവരാണ് ഇടം നേടിയത്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ഇക്കുറി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ഏപ്രിൽ 19നാണ് സിക്കിമിൽ നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്. ജൂൺ രണ്ടാം തീയതി സിക്കിമിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടൊപ്പം ജൂൺ നാലിന് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, നിയമസഭയുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണൽ അന്നേ ദിവസത്തേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Post Your Comments