ഗ്യാങ്ടോക്: സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ 105 പേർക്കായി തിരച്ചില്‍ തുടരുന്നു. 10 സൈനികരടക്കം അറുപതിലധികം പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ടീസ്ത നദീതീരത്തുനിന്ന് 40 മൃതദേഹം കണ്ടെടുത്തു. വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാൻ വ്യോമസേന നടപടി തുടങ്ങി. പാക്യോങ് ജില്ലയിലാണ് കൂടുതല്‍ മരണം. 3432 വീടിന് കേടുപാടുണ്ടായി. 14 പാലവും നിരവധി റോഡുകളും ഒലിച്ചുപോയി.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയായിരുന്ന 390 വിനോദസഞ്ചാരികളെ ഇന്ത്യൻ ആർമിയുടെ ത്രിശക്തി സേന രക്ഷപ്പെടുത്തി. ANI റിപ്പോർട്ട് അനുസരിച്ച് മേഖലയിൽ തകർന്ന നടപ്പാലങ്ങൾ, റോഡുകൾ, വിവിധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിഹരിച്ച് വരികയാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), ബാധിത പ്രദേശങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ത്രിശക്തി കോർപ്‌സ് സൈനികർക്ക് സഹായം ലഭിക്കുന്നുണ്ട്. മേഖലയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇവർ ഒരുമിച്ചിറങ്ങിയിരിക്കുകയാണ്.
‘നോർത്ത് സിക്കിമിനെ വീണ്ടും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, ത്രിശക്തി കോർപ്സ് ഇന്ത്യൻ ആർമിയുടെ സൈനികരും BRO, ITBP, പ്രദേശത്തെ പ്രദേശവാസികളും ചേർന്ന് കണക്ടിവിറ്റി പുനഃസ്ഥാപിക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു. സിക്കിമിനെ വീണ്ടും ബന്ധിപ്പിക്കുന്നതിന് പുതിയ നടപ്പാലങ്ങൾ സ്ഥാപിക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു’, ത്രിശക്തി കോർപ്സ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Post Your Comments