ന്യൂഡല്‍ഹി : അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ ഒറ്റ പ്രതിപക്ഷമുന്നണിമാത്രം എന്ന ആശയവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി മമതാ ബാനര്‍ജി. ദേശീയതലത്തില്‍ മൂന്നാംബദലിന് നേതൃത്വം നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബുധനാഴ്ച യുപിഎ ചെയര്‍പേഴ്സണും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് തുടങ്ങിയ പ്രതിപക്ഷകക്ഷി നേതാക്കളുമായി മമത ചര്‍ച്ച നടത്തി.
ഡല്‍ഹിയില്‍ തൃണമൂലിന്റെ പാര്‍ട്ടി ഓഫീസിലായിരുന്നു ചര്‍ച്ച. കഴിഞ്ഞദിവസം ശരദ് പവാറമായും അവര്‍ ചര്‍ച്ച നടത്തിയിരുന്നു. ബിജെപിക്കെതിരെ ഓരോ സംസ്ഥാനത്തും ഏറ്റവും ശക്തിയുള്ള പ്രതിപക്ഷ പാര്‍ട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കണമെന്നും ശക്തിയില്ലാത്ത മറ്റുപാര്‍ട്ടികള്‍ അവരെ പിന്തുണയ്ക്കണമെന്നുമാണ് മമത മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ തന്ത്രം.
ബിജെപിക്കെതിരെ ഈ രീതിയില്‍ പരമാവധി എംപിമാരെ ജയിപ്പിക്കാന്‍ കഴിയുമെന്ന് വിവിധ കക്ഷിനേതാക്കളോട് മമത വിശദീകരിച്ചു. സോണിയുമായുള്ള കൂടിക്കാഴ്ച സൗഹൃദസന്ദര്‍ശനം എന്നാണു മമത വിശേഷിപ്പിച്ചതെങ്കിലും ബിജെപിക്കെതിരായ പൊതുനീക്കങ്ങള്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ അവരെ സഹായിക്കാണമെന്നും തിരിച്ച് കോണ്‍ഗ്രസ്സും ആ സമീപനം സ്വീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിമതനേതാക്കളായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ എന്നിവരുമായും മമത ചര്‍ച്ചകള്‍ നടത്തി.
Post Your Comments