ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ച വാർത്തയാണ് ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടല്‍ വിവാദം. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ സറ്റീവ് സ്മിത്തും ഓപ്പണിങ്ങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റും ടീമിലുള്ളവരുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആഘാതത്തിന്റെ ആക്കം കൂട്ടി. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം. എന്നാല്‍ ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ‘ലീഡർഷിപ് ഗ്രൂപ്പ്’ എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല.
ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത കാമറൂൺ ബാൻക്രോഫ്റ്റിനെയാണ് സാൻഡ്പേപ്പറുപയോഗിച്ച് പന്തുചുരുണ്ടാനുള്ള ദൗത്യം ഏൽപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ ‘ലീഡർഷിപ് ഗ്രൂപ്പും’ ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. 121 റൺസെടുത്ത് ലീഡിൽ നിൽക്കുന്ന ദക്ഷിണാഗ്രഫിക്കയെ എങ്ങനെയും തകർക്കുക എന്നതായിരുന്നു ലക്ഷ്യം. കാമറാക്കണ്ണുകൾ ബാൻക്രോഫ്റ്റിനെ ശ്രദ്ധിക്കില്ല എന്ന ചിന്തിയിലായിരുന്നു ഈ നീക്കം. പന്ത് കൈയിൽ കിട്ടിയപ്പോഴൊക്കെ ബാൻക്രോഫ്റ്റ് ചുരണ്ടൽ തകൃതിയാക്കി.
എന്നാല്‍ അസാധാരണമായ രീതിയിൽ ബാൻക്രോഫ്റ്റ് ‘എന്തോ’ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടിവി ക്യാമറാമാൻമാർ ഈ ദൃശ്യം മൊത്തം പകർത്തി. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു വലിയ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരും ശ്രദ്ധിച്ചു. പന്തു ചുരണ്ടുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൽസരശേഷമുള്ള ന്യൂസ് കോൺഫറൻസിൽ പന്തിൽ കൃത്രിമം കാട്ടിയ കാര്യം ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സമ്മതിച്ചു.
പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാന്‍ക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. പന്തിൽ കൃത്രിമം കാട്ടിയ കാര്യം അംപയർമാർക്കു മുന്നിലും സമ്മതിച്ചിരുന്നതായി കാമറൂൺ ബാൻക്രോഫ്റ്റും സമ്മതിച്ചു. മൽസരം കടുത്തതും പ്രാധാന്യമേറിയതും കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് സ്മിത്തിന്റെ വെളിപ്പെടുത്തൽ. ഏതായാലും ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരമാണ് ആരാധകർക്കുള്ളത്.
Post Your Comments