ബെംഗളൂരു: ഭാര്യയെ കൊന്ന് കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹായിയും അറസ്റ്റില്‍. ബാറുടമയായ കാര്‍വാര്‍ സ്വദേശി ചന്ദ്രകാന്ത് എസ്. കോണ്ട്‌ലി (38), ഇയാളുടെ ഉടമസ്ഥതയിലുള്ള ശാന്തിനഗറിലെ ബാറിലെ ജീവനക്കാരന്‍ പഞ്ചാബ് സ്വദേശിയായ രാജ്വിന്ദര്‍ സിങ് (31) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രകാന്ത് കോണ്ട്‌ലിയും കൊല്ലപ്പെട്ട അക്ഷിതയും (29) കെംപാപുര വിനായക ലേഔട്ടിലായിരുന്നു താമസം. ഇവര്‍ക്ക് നാലുവയസ്സുള്ള കുട്ടിയുമുണ്ട്. രാത്രി ചന്ദ്രകാന്തും അക്ഷിതയും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
ഇതിനിടയില്‍ ഇയാള്‍ തലയണ ഉപയോഗിച്ച് അക്ഷിതയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി. ഈ സമയം അക്ഷിതയുടെ അമ്മയുടെ വീട്ടിലായിരുന്നു ഇവരുടെ കുട്ടി. അക്ഷിത മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ചന്ദ്രകാന്ത് മൃതദേഹം മറവുചെയ്യാന്‍ ബാറിലെ ജീവനക്കാരനായ രാജ്വീന്ദര്‍ സിങ്ങിനെ വിളിച്ചുവരുത്തുകയായിരുന്നു. വാടകയ്ക്ക് കാര്‍ സംഘടിപ്പിച്ച് മൃതദേഹം ഇതിനുള്ളില്‍ കയറ്റിയ ചന്ദ്രകാന്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി മറവുചെയ്യാന്‍ രാജ്വീന്ദറിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹൊസൂറിലെ കാട്ടില്‍ കൊണ്ടുപോയി ഇയാള്‍ മൃതദേഹം കത്തിച്ചു.
ഈ സമയം വീട്ടിലായിരുന്നു ചന്ത്രകാന്ത്. തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ ഫോണുമായി പഞ്ചാബിലേക്ക് രാജ്വീന്ദറിനെ പറഞ്ഞുവിട്ടു. തൊട്ടടുത്ത ദിവസം അക്ഷിതയുടെ അമ്മയും ഇവരുടെ മകനും വീട്ടിലെത്തിയപ്പോള്‍ ഭാര്യ പിണങ്ങിപ്പോയെന്ന് ഇവരോട് പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞിട്ടും അക്ഷിത തിരികെയെത്താതായപ്പോള്‍ കാര്യം തിരക്കിയ അമ്മയോട് 50,000 രൂപ എടുത്താണ് അക്ഷിത പോയിരിക്കുന്നതെന്നും എവിടെയെങ്കിലും വിനോദയാത്രയിലായിരിക്കുമെന്നും ഇയാള്‍ പറഞ്ഞു.
അക്ഷിതയുടെ മൊബൈലിലേക്ക് പലവട്ടം വിളിച്ചെങ്കിലും ഫോണെടുക്കാതായതോടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസിനോടും ചന്ദ്രകാന്ത് സമാനമായ കഥയാണ് പറഞ്ഞത്. സംശയമുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കാനും ഇയാള്‍ പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
Post Your Comments