ബെയ് ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ കിരീടം ചൂടി. ഫൈനലില്‍ വമ്പന്മാരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 217 റണ്‍സ് വിജയലക്ഷ്യം 38.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മന്‍ജോത് കല്‍റയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.
102 പന്തില്‍ 101 റണ്‍സാണ് മന്‍ജോത് നേടിയത്. മൂന്ന് സ്ിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്കായി നായകന്‍ പൃഥ്വിഷ 29, ശുഭ് മാന്‍ ഗില്‍ 31 റണ്‍സും നേടി പുറത്തായി. 47 റണ്‍സ് നേടി ദേശായി പുറത്താകാതെ നിന്നു.
ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യന്‍ അധിപത്യമാണ് ഇന്നത്തെ മത്സരത്തില്‍ കാണ്ടത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 47.2 ഓവറില്‍ 216 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ടീം ടോട്ടല്‍ 71ല്‍ നില്‍ക്കെ നഷ്ടമായി. നായകന്‍ പൃഥ്വിഷായുടെ വിക്കറ്റാണ് നഷ്ടമായത്. 131ല്‍ ടീം ടോട്ടല്‍ എത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും പുറത്തായി.
ടൂര്‍ണമെന്റിലെ ഒരു കളി പോലും തോക്കാതെ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ നാലാം അണ്ടര്‍ 19 ലോകകപ്പ് വിജയമാണിത്.
നായകന്‍ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനെ കൂട്ട് പിടിച്ച് കല്‍റ കത്തിക്കയറുകയായിരുന്നു. ശുഭ്മാന്‍ നില ഉറപ്പിച്ചതോടെ ഓസീസ് ബൗളര്‍മാര്‍ പ്രതിരോധത്തിലായി. ഇതിനിടെ 30 റണ്‍സുമായി ഗില്‍ പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഹര്‍വിക് ദേശായിയെ കൂട്ട് പിടിച്ച് കല്‍റ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു.
Post Your Comments