ക്രൈസ്റ്റ്ചര്‍ച്ച: ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ എന്ന് വേണെ പറയാവുന്ന കളിയാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍. ചിരവൈരികളായ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു ആവേശമാണ്. അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെ നിലം തൊടീക്കാതെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ദ്രാവിഡിന്റെ ശിക്ഷണത്തിലുള്ള ഇന്ത്യന്‍ യുവനിര. 203 റണ്‍സിന്റെ അമ്പരപ്പിക്കുന്ന ജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 29.3 ഓവറില്‍ 69 റണ്‍സിന് ചുരുട്ടിക്കൂട്ടി. ഇന്ത്യയ്ക്കായി ഷുബ്മാന്‍ ഗില്‍ സെഞ്ചുറി നേടി(102) പുറത്താകാതെ നിന്നു. 94 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളുടെ അകമ്പടിയോടെയാണ് ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി. പൃഥ്വിഷാ 41ഉം മഞ്‌ജോത് കര്‍ല 47ഉം എഎസ് റോയ് 31ഉം റണ്‍സ് നേടി. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ശോപിക്കാനായില്ല. ഗില്‍ തന്നെയാണ് കളിയിലെ താരവും.
നാല് വിക്കറ്റ് നേടിയ ഐസി പൊരെലാണ് പാക്കിസ്ഥാന്‍ നിരയുടെ നട്ടെല്ലൊടിച്ചത്. ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പൊരെല്‍ നാല് വിക്കറ്റ് കൊയ്തത്. ശിവ സിംഗ്, പരാഗ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും എസ് റോയ് അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടിയതോടെ പാക്കിസ്ഥാന്റെ പതനം പൂര്‍ത്തിയായി. 18 റണ്‍സ് നേടിയ സൊഹൈല്‍ നസീറാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. എട്ട് താരങ്ങളാണ് രണ്ടക്കം കാണാതെ പവലിയനില്‍ മടങ്ങി എത്തിയത്.
പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയ ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. ഗ്രൂപ്പ് മത്സരത്തില്‍ 100 റണ്‍സിന്‍ ഇന്ത്യ ഓസീസിനെയും ചുരുട്ടിക്കെട്ടിയിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്.
Post Your Comments