KeralaLatest NewsNews

മൊബൈല്‍ മോഷണം സംബന്ധിച്ച തര്‍ക്കം : യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികള്‍ പിടിയില്‍

ഇടുക്കി: മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികള്‍ നാലു മാസത്തിനു ശേഷം പൊലീസ് പിടിയാലായി. ഇടുക്കി ശാന്തന്‍ പാറ, തൊട്ടിക്കാനം വാഴയില്‍ രാജീവിനെയാണ് കൊലപ്പെടുത്തി തമിഴ്‌നാട് അതിര്‍ത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയില്‍ തള്ളിയത്. ഒരു കിലോമീറ്റര്‍ ആഴമുള്ള കൊക്കയില്‍ നിന്നും രാജീവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മാങ്ങാത്തൊട്ടി, വാഴാട്ട് ഗോപി , തൊട്ടിക്കാനം, വാക്കോട്ടില്‍ ബാബു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബാബുവിനൊപ്പം താമസിക്കുന്ന എമിലി എന്ന സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ്സില്‍ എമിലിയുടെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജൂലെ 10-ന് കൊല്ലപ്പെട്ട രാജീവിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൗസല്യ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നെടുങ്കണ്ടം കോടതിയില്‍ പോയതിന് ശേഷം മടങ്ങി വന്നില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. കാണാതാവുന്നതിന് തൊട്ട് മുന്പ് രാജീവ് പ്രതികളിലൊരാളായ വാഴാട്ട് ഗോപിയുടെ ഏലത്തോട്ടത്തില്‍ അഞ്ച് ദിവസം ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. രാജീവിനൊപ്പം കേസിലെ മറ്റ് പ്രതികളായ ബാബുവും എമിലിയും തോട്ടത്തില്‍ പണി ചെയ്തിരുന്നു.

ബാബുവും എമിലിയും തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. തന്റെ മൊബൈല്‍ ഫോണ്‍ ബാബുവും എമിലിയും ചേര്‍ന്ന് മോഷ്ടിച്ചതായി രാജീവ് സ്ഥലമുടമയായ ഗോപിയോട് പറഞ്ഞു. ഇതു സംബന്ധിച്ച് ഏലത്തോട്ടത്തിനകത്തെ ഷെഡിന് സമീപം വച്ച് പ്രതികള്‍ രാജീവുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പ്രതികള്‍ കൈക്കോട്ടുകൊണ്ട് രാജീവിന്റെ തലയില്‍ അടിച്ചു. തുടര്‍ന്ന് കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. മൃതദേഹം ചാക്കിലാക്കി രാത്രിവരെ പറമ്പില്‍ സൂക്ഷിച്ച ശേഷം പിക്അപ് ജീപ്പില്‍ കയറ്റി, 10 കിലോമീറ്റര്‍ അകലെയുള്ള രാജാപ്പാറ മെട്ടിലേക്ക് കൊണ്ടുപോയി.

ഇവിടെനിന്നും താഴെ കൊക്കയിലേയ്ക്ക് മൃതദേഹം ഉപേക്ഷിച്ചു. ഒരു കിലോമീറ്ററോളം ദൂരെ തമിഴ്‌നാടിനോട് ചേര്‍ന്ന വനമേഖലയില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. പ്രതികളായ ഗോപിയെയും ബാബുവിനെയും കഴിഞ്ഞ ദിവസം രാജകുമാരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ രാജാപ്പാറയില്‍ തെളിവെടുപ്പിനെത്തിച്ചു. തിരിച്ചറിയാനാകാത്ത വിധം മൃതദേഹം അഴുകിയിരുന്നു. രാജീവ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button