KeralaNattuvarthaLatest NewsNews

പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം: കൊള്ളപ്പലിശക്കാരനും കൂട്ടാളിയും അറസ്റ്റില്‍

അഞ്ചല്‍•കൊല്ലം ഏരൂരില്‍ 9 ാം ക്ലാസുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടയും കൊള്ളപ്പലിശക്കാരനുമായ ഏരൂര്‍ സ്വദേശി ചിത്തിര ഷൈജു എന്ന സൈജു (47), ഇയാളുടെ സുഹൃത്ത് അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ഷാലു (32) എന്നിവരെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഷൈജുവും കൂട്ടാളിയും പെണ്‍കുട്ടിയെ ഏരൂർ പുത്തൻവിളയിൽ സിന്ധു സിന്ധുവിന്‍റെ മകൾ 14 വയസ്സുകാരി ഹൃദ്യലക്ഷ്മി, കുഞ്ഞമ്മ സിനി എന്നിവരെ വൈകുന്നേരം ഏഴരയോടെ ആക്രമിക്കുന്നത്.

പെണ്‍കുട്ടിയുടെ കുടുംബവീട് ഈടുനല്കി ഷൈജുവിന്റെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും ഇയാള്‍ വീട് തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇവിടെ ഇപ്പോള്‍ ഷൈജുവിന്റെ ബന്ധുക്കളെ താമസിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഹൃദ്യലക്ഷ്മിയുടെ കുടുംബം ഈ വീടിന് മുന്നില്‍ മൂന്നാഴ്ചയായി സമരം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഷൈജുവും കൂട്ടാളിയും സമരം നടത്തുകയായിരുന്ന ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് കൈക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ ഫാസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

നേരത്തെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുകയും നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ളയാളാണ് ചിത്തിര ഷൈജു. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പലതവണ ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ചിത്തിര ഷൈജുവിന് ഏരൂര്‍ പോലീസിലെ തന്നെ ഒരു വിഭാഗം ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. കോടികള്‍ ആസ്തിയുള്ള ഇയാളുടെ ചെയ്തികള്‍ പലപ്പോഴും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭയം മൂലം ഇയാളുടെ അതിക്രമത്തിന് ഇരയായവര്‍ പലപ്പോഴും പരാതി നല്‍കാന്‍ ധൈര്യപ്പെടാറുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button