ദുബായ് : പ്രവാസികള്‍ക്ക് മാത്രമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിക്കു തുടക്കമാകുന്നു. റജിസ്ട്രേഷന്, പണമടയ്ക്കല്‍, ലേലം എന്നിവയും കെവൈസി നടപടികളും ഓണ്‍ലൈന്‍ വഴിയാക്കുന്ന സുരക്ഷിതവും സുഗമവും സുതാര്യവുമായ നിക്ഷേപ പദ്ധതിയാണ് ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ യുഎഇയിലും തുടര്‍ന്ന് ഇതര ജിസിസി രാജ്യങ്ങളിലുമാണു തുടങ്ങുക. തുടര്‍ നടപടിക്രമങ്ങള്‍ക്ക് ധനമന്ത്രി ഡോ.തോമസ് ഐസക്കും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും യുഎഇയില്‍ എത്തും. കേവലം ചിട്ടി എന്നതിലപ്പുറം പ്രവാസികള്‍ക്കു ഗുണകരമായ പല കാര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ്, എംഡി എ.പുരുഷോത്തമന് എന്നിവര്‍ പറഞ്ഞു. ചിട്ടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഓണ്‍ലൈന്‍ ശൃംഖല പൂര്‍ത്തിയാകുകയാണ്. ലോകത്തെവിടെനിന്നും ഏതുസമയത്തും കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇടപാട് നടത്താനാകും.
പെന്‍ഷനും അവസരം
ചിട്ടിപ്പണം പെന്ഷന് പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിശ്ചിതകാലം കഴിഞ്ഞാല്‍ തുകയ്ക്ക് അനുസൃതമായ പെന്ഷന് ലഭ്യമാക്കും. ഇടപാടുകാരന് ഇതിനിടെ മരിച്ചാല്‍ പത്തുലക്ഷം വരെയുള്ള ചിട്ടിബാധ്യത കെഎസ്എഫ്ഇ വഹിക്കും. കൂടാതെ, മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള വിമാനനിരക്കും കൂടെപ്പോകുന്നയാളുടെ ചെലവും ഏറ്റെടുക്കും. എല്‍ഐസിയുമായുള്ള സഹകരണം വഴിയാണ് ഈ സംവിധാനം. ജോലിചെയ്യാനാവാത്ത വിധം അംഗഭംഗം സംഭവിച്ചാലും ചിട്ടിയുടെ ഭാവിബാധ്യത ഏറ്റെടുക്കും. പ്രവാസിയുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായ ചിട്ടി തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും.
Post Your Comments