പാലാ: 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് മീനച്ചിലാറിന്റെ തീരത്ത് തുടക്കമായി. പാലക്കാട് ജില്ലക്കാണ് ആദ്യ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ പി.എന്‍ അജിത്താണ് റെക്കോർഡോടെ സ്വര്‍ണം നേടിയത്. ഈ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിച്ച ശേഷം നടന്ന ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡ് പിറന്നുവെന്ന പ്രത്യേകതയുമുണ്ട്. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്കാണ് ഈയിനത്തിൽ വെള്ളി. ഇതാദ്യമായി പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. 14 വയസിന് താഴെയുള്ള കുട്ടികള്‍ സബ് ജൂനിയറിലും 17 വയസില്‍ താഴയുള്ളവര്‍ ജൂനിയറിലും 19 വയസിന് താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും.
2858 താരങ്ങള്‍ കായികോത്സവത്തിനു മാറ്റുരയ്ക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കായിക മാമാങ്കമായി ഇതു മാറും. 350 ഒഫീഷ്യലുകളും 230 എസ്കോര്‍ട്ടിംഗ് ഒഫീഷ്യലുകളും എത്തിയിട്ടുണ്ട്. കിരീടം നിലനിര്‍ത്താന്‍ പാലക്കാട് ജില്ലയും തിരിച്ചുപിടിക്കാന്‍ എറണാകുളവും കച്ചകെട്ടിയിറങ്ങുന്നതോടെ പാലായിലെ പുത്തന്‍ ട്രാക്കില്‍ പോരാട്ടം കനക്കും. എട്ടു പോയിന്റ് വ്യത്യാസത്തില്‍ “ഫോട്ടോഫിനിഷിംഗി’’ലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പലത്ത് നടന്ന കായികോത്സവത്തില്‍ പാലക്കാട്ടുകാര്‍ എറണാകുളത്തെ മറിച്ചത്. ഇത്തവണയും പാലക്കാടും എറണാകുളവും തമ്മിലുള്ള പോരാട്ടമായിരിക്കും ശ്രദ്ധേയമാവുക. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, പിറവം മണീട് ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് എറണാകുളത്തിന് പ്രതീക്ഷ നല്കുന്നവര്.
മിന്നും പ്രകടനത്തോടെ ജില്ലാ മീറ്റുകളില്‍ തിളങ്ങിയ ഈ സ്കൂളുകളുടെ മികവില്‍ എറണാകുളത്തിനു തന്നെയാണ് കിരീട സാധ്യത കല്പിക്കപ്പെടുന്നത്. പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ 2800 താരങ്ങളാണ് പുതിയ ഉയരവും വേഗവും തേടുക. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പൊന്‍തിളക്കമാര്‍ന്ന സിന്തറ്റിക് ട്രാക്കില്‍ രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെ ട്രാക്കുണര്‍ന്നത്. വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് കായികമേളയും പുത്തന്‍ സിന്തറ്റിക് ട്രാക്കും ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച അവസാനിക്കുന്ന മേളയില്‍ സബ് ജൂനിയർ, ജൂനിയര്‍, സീനിയര്‍ ആണ്-പെണ് വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മത്സരങ്ങള്‍.
Post Your Comments