ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഈ സ്ഥാനം കഴിഞ്ഞ ഒമ്പതു വര്‍ഷമായി അംബാനിക്ക് സ്വന്തമാണ്. അംബാനിയുടെ സമ്പാദ്യം 3800 കോടി ഡോളര്‍ (രണ്ടരലക്ഷം കോടി രൂപ) ആണ്. കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദ്യത്തില്‍ 1530 കോടി ഡോളര്‍ (ഏകദേശം ഒരുലക്ഷം കോടി രൂപ) വര്‍ധനയാണ് അംബാനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയത്. ഇതിനു പുറമെ ഏഷ്യയിലെ ഏറ്റവും വലിയ അഞ്ചു സമ്പന്നരുടെ പട്ടികയിലും മുകേഷ് അംബാനി ഇടംപിടിച്ചു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ 100 സമ്പന്നരുടെ ആസ്തിയില്‍ 26% വര്‍ധന രേഖപ്പെടുത്തി. ഫോബ്‌സ് മാസികയാണ് കണക്ക് പുറത്തുവിട്ടത്.
ഈ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത് വിപ്രോയുടെ അസിം പ്രേംജിയാണ്. ഇദ്ദേഹത്തിന്റെ സമ്പാദ്യം 1900 കോടി ഡോളറാണ് (1,23,500 കോടിരൂപ) . കഴിഞ്ഞ തവണ പട്ടികയില്‍ രണ്ടാം സഥാനം സ്വന്തമാക്കിയ സണ്‍ ഫാര്‍മയുടെ ദിലീപ് സാംഗ്‌വി ഇത്തവണ ഒന്‍പതാം സ്ഥാനത്താണ്. ഇത്തവണ മൂന്നാം സ്ഥാനത്ത് ഹിന്ദുജ സഹോദരന്മാരാണ്. ഇവരുടെ ആസ്തി 1840 കോടി ഡോളറാണ് (1,19,000 കോടി രൂപ) .
ലക്ഷ്മി മിത്തലിനു നാലാം സ്ഥാനമാണ് പട്ടികയില്‍. 1650 കോടി ഡോളറാണ് (1,07,250 കോടി രൂപ) ഇദ്ദേഹത്തിന്റെ ആസ്തി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരീക്ഷണങ്ങള്‍ അതിസമ്പന്നരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണി നേട്ടം ഉണ്ടാക്കിയതു കാരണമാണ് ഇവര്‍ക്ക് വരുമാനത്തില്‍ വര്‍ധനയുണ്ടായത്.
എണ്ണശുദ്ധീകരണത്തിലെ ലാഭവും ജിയോയുടെ കുതിപ്പും അംബാനിയെ കൂടുതല്‍ കരുത്തനാക്കി. ഈ പട്ടികയില്‍ പത്താം സ്ഥാനത്ത് ഗുജറാത്തിലെ പ്രമുഖ ബിസിനസുകാരന്‍ ഗൗതം അദാനിയാണ്. കഴിഞ്ഞ തവണ ഇദ്ദേഹം 13 ാം സ്ഥാനത്തായിരുന്നു. ഇദ്ദേഹത്തിന്റെ ആസ്തി 1100 കോടി ഡോളറാണ് (71500 കോടി രൂപ).
Post Your Comments