യൂറോപ്പിലെ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഐടി ഭീമനായ വിപ്രോ. റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്പിലെ ജീവനക്കാർക്ക് യൂണിയൻ രൂപീകരിക്കാനുള്ള അനുമതിയാണ് വിപ്രോ നൽകിയിരിക്കുന്നത്. കൂടാതെ, ജീവനക്കാർക്ക് യൂറോപ്യൻ വർക്ക് കൗൺസിൽ രൂപീകരിക്കാനും അതിൽ പ്രവർത്തിക്കാനുമുളള അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനം കൂടിയാണ് വിപ്രോ. യൂറോപ്പിൽ മാത്രം ഏകദേശം മുപ്പതിനായിരത്തിലധികം ജീവനക്കാരാണ് വിപ്രോയ്ക്ക് ഉള്ളത്.
യൂറോപ്യൻ വർക്ക് കൗൺസിലിൽ ബോഡിയുടെ ആദ്യ യോഗം 2024 ലാണ് സംഘടിപ്പിക്കുക. യൂറോപ്യൻ കൗൺസിലിനെ നയിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെ പ്രതിനിധികളാണ് ഉണ്ടാവുക. അതേസമയം, ചെയർ സ്പോൺസർഷിപ്പ് വിപ്രോയുടെ യൂറോപ്പിലെ സിഇഒക്കും പ്രാദേശിക ബിസിനസ് മേധാവികളുടെ ടീമിനുമായി തുടരുന്നതാണ്.
നിരവധി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് യൂറോപ്യൻ വർക്ക് കൗൺസിൽ പ്രവർത്തിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലെയും ജീവനക്കാരുടെ പ്രതിനിധികളുമായി സുസ്ഥിരമായ ബന്ധം നിലനിർത്തുക, അന്തർദേശീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുകയും ജനങ്ങളുടെ ശബ്ദം രേഖപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
Post Your Comments