വാഷിങ്ടൻ: ഇർമ ചുഴലിക്കാറ്റിന്റെ തെറ്റായ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് വൈറ്റ് ഹൗസ്. ഇർമ ദുരിതത്തിന്റേതെന്നു പറഞ്ഞ് വൈറ്റ് ഹൗസ് സോഷ്യൽമീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ ട്വീറ്റ് ചെയ്ത വിഡിയോ ആണ് വിവാദമായത്.
ഡാൻ വെള്ളക്കെട്ടിൽ മുങ്ങിയ മിയാമി രാജ്യാന്തര വിമാനത്താവളം എന്ന പേരിലാണ് വിഡിയോ പങ്കുവച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവരോടൊപ്പം എന്നുള്ള അടിക്കുറിപ്പ് കൂടിയായതോടെ വിഡിയോ കത്തിപ്പടർന്നു.
എന്നാൽ, ഉടൻ തന്നെ വിഡിയോ വ്യാജമാണെന്ന പ്രതികരണങ്ങൾ വന്നു. അധികം വൈകാതെ മിയാമി വിമാനത്താവളം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിശദീകരണവുമായി രംഗത്തെത്തി. ആ വിഡിയോ ഞങ്ങളുടേതല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നും അവർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഡാൻ സ്കാവിനോ ഉരുണ്ടുകളിക്കാനും കണ്ടില്ലെന്നു നടിക്കാനുമൊന്നും തയാറായില്ല. നേരത്തേ പങ്കുവച്ച വിഡിയോ ഡിലീറ്റ് ചെയ്തെന്നും വിവരത്തിനു നന്ദിയുണ്ടെന്നും അറിയിച്ച് ഡാനിന്റെ സന്ദേശമെത്തി.
Post Your Comments